കീഴ്പള്ളി: കീഴ്പള്ളി പരിപ്പ്തോടിനടുത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആയിഷ ഫാം എസ്റ്റേറ്റിനകത്തു സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മുഹമ്മദിന്റെ 1200 ഓളം കുലച്ചതടക്കമുള്ള നേന്ത്രവാഴകളും 40 ഓളം കുലച്ചതും കുലയ്ക്കാത്തതുമായ തെങ്ങുകളും ഒരേക്കറോളം മരച്ചീനി കൃഷിയും തൈകളടക്കമുള്ള കമുകുമാണ് കാട്ടനക്കൂട്ടം നശിപ്പിച്ചത്.
എട്ടുലക്ഷം ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത കർഷകൻ കടക്കെണിയിലായതിനാൽ ഇനിയെന്ത് ചെയ്യുമെന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് നഷ്ട പരിഹാരം നൽകി കർഷകനെ സംരക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആവശ്യപ്പെട്ടു.
പെരുന്പുന്ന: പെരുമ്പുന്ന മൈത്രിഭവന് സമീപം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന തെങ്ങുംപള്ളി റോയിയുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. നിരവധി കുലച്ച വാഴകൾ കാട്ടാന ചവിട്ടി നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം പതിവായിട്ടും വനപാലകർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.