ലോക സംഗീത ദിനമായ ഇന്ന് എക്സൈസ് വകുപ്പ് ’ജീവിതംതന്നെ ലഹരി’ എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കി. എല്ലാവർക്കും സൗജന്യമായി സംഗീതം ആസ്വദിക്കുന്നതിനുളള അവസരമാണ് ഇതൊടൊപ്പം ഒരുക്കുന്നത്. അമച്വർ സംഗീതജ്ഞരുടെ സൃഷ്ടികൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം സംഗീതരംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെയും ആദരിക്കുന്നു.
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് ലഹരിക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ആശയങ്ങൾ പൊതുജനങ്ങളിലും പ്രത്യേകിച്ച്, യുവജനങ്ങൾക്കിടയിലും പ്രചരിപ്പിക്കുന്നതിനാണ് ഈ സംഗീത ആൽബം തയാറാക്കിയിട്ടുളളത്. ഈ സംഗീതആൽബത്തിൽ ചലച്ചിത്ര രംഗത്തെ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശവും നൽകുന്നുണ്ട്.
കലാകാരനായ ബിജിത് ബാല തയാറാക്കിയ ഈ സംഗീത ആൽബത്തിന്റെ രചന ഹരിനാരായണനും സംഗീതം ബിജിബാലുമാണ്. ഇവരെ കൂടാതെ ചലച്ചിത്ര പിന്നണി ഗാനരംഗത്തുള്ള ഹരിശങ്കർ, സന്നിധാനം, ജോബ് കുര്യൻ, നജിംഹർഷാദ്, സിതാര, അഫ്സൽ, ജ്യോത്സ്ന, നിരഞ്ജന, സയനോര, പുഷ്പവതി, ആൻഅമി, രാജലക്ഷ്മി, രൂപാരേവതി, രാജേഷ്ചേർത്തല തുടങ്ങിയ കലാകാരൻമാരും സംഗീത ആൽബത്തിൽ അണിനിരന്നിട്ടുണ്ട്.