24.1 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കേരള പൊലീസില്‍ ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു
Kerala

കേരള പൊലീസില്‍ ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു

കണ്ണൂര്‍: പൊലീസ്‌ സേനയില്‍ ബോക്‌സിങ്​ ടീം ഇല്ലാത്ത ഏക സംസ്ഥാനമായ കേരളത്തിൽ കേരള പൊലീസില്‍ ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു. 2019 ഡിസംബറില്‍ കണ്ണൂരില്‍ നടന്ന ദേശീയ വനിത ബോക്‌സിങ്ങില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യാ പൊലീസ് ടീമില്‍ കേരള പൊലീസ് ടീമംഗങ്ങള്‍ ഉണ്ടാകാതിരുന്നതിന്​ കാരണം പൊലീസിൽ ബോക്​സിങ്​ ടീം ഇല്ലാത്തതായിരുന്നു.കേരള പൊലീസില്‍ വനിത ഫുട്‌ബാളിന് പുറമെ ഹോക്കി, ഷൂട്ടിങ്​ ഇനങ്ങളിലും ടീം രൂപവത്​കരിക്കാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാറി​ൻെറ കായികനയം വ്യക്തമാക്കിയതാണ്. എന്നിട്ടും ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയായ ബോക്‌സിങ്ങിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ മന്ത്രിസഭ അധികാരമേറ്റ് പൊലീസ്‌ സേനയിലേക്ക് ഹവീല്‍ദാര്‍ തസ്​തികയില്‍ സ്‌പോര്‍ട്‌സ് േക്വാട്ടവഴി നിയമനവിജ്ഞാപനം ഇറങ്ങിയപ്പോള്‍ അതിലും ബോക്‌സിങ്​ താരങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തിപ്പെടുന്നത്​. മികച്ചപ്രകടനം കാഴ്​ചവെക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വര്‍ഷംതന്നെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതും യാഥാർഥ്യമായിട്ടില്ല. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക്​ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യതകളുള്ള ഇനമായാണ്​ ബോക്​സിങ്ങിനെ കാണുന്നത്​. ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണം ലക്ഷ്യമിട്ട് ബോക്‌സര്‍മാര്‍ തീവ്രപരിശീലനത്തിലുമാണ്. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് 62 കോടി രൂപയാണ് ബോക്‌സിങ്ങിന് മാത്രം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. അത്രമാത്രം പരിഗണനയാണ് രാജ്യം ബോക്‌സിങ്​​ മത്സരത്തിന് നല്‍കുന്നത്​. ലോകവനിത ചാമ്പ്യനായ കെ.സി. ലേഖയുടെ നാടാണ് കേരളം. എന്നിട്ടു പോലും ഈ മത്സരയിനത്തില്‍ ഏറെ പിന്നിലാണ് കേരളം എന്നതാണ്​ അവസ്​ഥ. ഹരിയാനയില്‍ 45ഉം മഹാരാഷ്​ട്രയില്‍ 25ഉം പരിശീലന കേന്ദ്രങ്ങളുള്ളപ്പോള്‍ കേരളത്തിലുള്ളത് വെറും അഞ്ചെണ്ണം മാത്രമാണ്. ഇടുക്കി രാജാക്കാട്, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്‌റ്റേഡിയം, കൊല്ലം ജില്ല സ്‌പോര്‍ട്‌സ് അക്കാദമി, തിരുവനന്തപുരം ജി.വി. രാജ സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങളുള്ളത്​. മറ്റു സംസ്ഥാനങ്ങളില്‍ ബോക്‌സിങ്​ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി ലഭിക്കുന്നത് പൊലീസിലാണെന്ന്​ സംസ്ഥാന അമച്വര്‍ ബോക്‌സിങ്​ അസോസിയേഷന്‍ പ്രസിഡൻറ്​ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ഇതുകാരണം ഈ ഇനത്തില്‍ സ്‌പോര്‍ട്‌സ് േക്വാട്ടയില്‍ ജോലിക്ക് ശ്രമിക്കുന്ന മലയാളികൾ നിലവിൽ മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്​ നിലവാരമുള്ള കളിക്കാരെ സംസ്ഥാനത്തിന് നഷ്​ടപ്പെടാൻ സാഹചര്യമൊരുക്കുന്നുണ്ട്​. ഇൗ ആവശ്യം ഉന്നയിച്ച്​ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു

Related posts

ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*

Aswathi Kottiyoor

സംസ്ഥാനത്ത് ബുധനാഴ്ച സമ്പൂർണ ഡ്രൈ ഡേ

Aswathi Kottiyoor

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ നടപ്പിലാകും

Aswathi Kottiyoor
WordPress Image Lightbox