ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് ഇനി പൊലീസ് വക ഉപദേശമോ കൗൺസലിങ്ങോ ഇല്ല. ഇത്തരക്കാർക്കെതിരെ കേരള പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയനുസരിച്ച് നിയമ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി.
ക്വാറന്റൈൻ ലംഘിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്നതിനാൽ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കാറ്റഗറി എ, ബി വിഭാഗങ്ങളിൽപ്പെട്ട സ്ഥലങ്ങളിലും ഇത് ബാധകമാണ്.
വിദേശത്ത് പോകുന്നരുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നം എത്രയും വേഗം പരിഹരിക്കും. ഫീസ് അടച്ചില്ലെന്ന പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. പിഎസ്‌സി പരീക്ഷകൾ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിതര ചികിത്സ പൂർണതോതിൽ
കോവിഡിതര രോഗങ്ങൾക്കുള്ള ചികിത്സ ഘട്ടം ഘട്ടമായി പൂർണതോതിൽ ആരംഭിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സകൾ പഴയ രീതിയിലേക്ക് മാറുന്നതിനിടെയാണ് രണ്ടാം തരംഗം വന്നത്.
ആശുപത്രികൾക്ക് വീണ്ടും കോവിഡ് ചികിത്സയിൽ ശ്രദ്ധിക്കേണ്ടിവന്നു. ഇനി കോവിഡിതര രോഗങ്ങൾക്കുള്ള ചികിത്സ പൂർണമായും ആരംഭിക്കണം.
മുഴുവൻ മെഡിക്കൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും വാക്സിൻ നൽകിയിട്ടുണ്ട്. പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവരുടെ പഠനം പൂർത്തിയാക്കി അവരുടെ സേവനം ചികിത്സാരംഗത്ത് പൂർണമായി ഉപയോഗിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഡോസ് 40 ശതമാനം പേരിലെത്തി: മുഖ്യമന്ത്രി
കേരളത്തിലെ 40 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് അതിവേഗം വിതരണം പൂർത്തിയാക്കും. ഒട്ടും പാഴാക്കാതെ വിതരണം ചെയ്യാനാകുന്നുണ്ട്. വാക്‌സിൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. വാക്‌സിൻ ലഭിക്കില്ലെന്ന ഭീതി ആവശ്യമില്ല. സാമൂഹ്യ പ്രതിരോധം ആർജിക്കാൻ സാധിക്കുന്നതുവരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.