26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • പരിഹാരമില്ലാതെ കാട്ടാനശല്യം – അദ്ധ്വാനത്തിന്റെ ഫലം കാട്ടാനകൾ ചവിട്ടി മെതിക്കുമ്പോൾ മൂകസാക്ഷികളായി ആറളം പുനരധിവാസമേഖലയിലെ കുടുംബങ്ങൾ
Iritty

പരിഹാരമില്ലാതെ കാട്ടാനശല്യം – അദ്ധ്വാനത്തിന്റെ ഫലം കാട്ടാനകൾ ചവിട്ടി മെതിക്കുമ്പോൾ മൂകസാക്ഷികളായി ആറളം പുനരധിവാസമേഖലയിലെ കുടുംബങ്ങൾ

ഇരിട്ടി: പരിഹാരമില്ലാതെ കാട്ടാനശല്യം തുടരുമ്പോൾ തങ്ങളുടെ അദ്ധ്വാനഫലം ആനകൾ ചവിട്ടി മെതിക്കുന്നതും നോക്കി മൂകസാക്ഷികളായിരിക്കയാണ് ആറളം ഫാം പുരധിവാസ മേഖലയിലെ കുടുംബങ്ങൾ. കാർഷികഫാമും പുനരധിവാസ മേഖലയും ഉൾപ്പെട്ട ഫാമിന്റെ ഏഴായിരം ഏക്രയോളം വരുന്ന പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ഫാമിന്റെ വിവിധ മേഖലകകളിൽ തമ്പടിച്ചു കിടക്കുകയാണ്. ഇവ മുപ്പതോളം ഉണ്ടെന്നാണ് ഫാമിലെ താമസക്കാരും ജീവനക്കാരും പറയുന്നത്. ഫാമിന് പുറത്തുള്ള ജനവാസ മേഖലകളിലും ഈ കാട്ടാനക്കൂട്ടങ്ങൾ തന്നെയാണ് രാത്രികാലങ്ങളിൽ കടന്നുകയറി നാശം വിതക്കുന്നത് . ആറളം കാർഷികഫാമിലും , പുനരധിവാസ മേഖലയിലും ഇതിനു പുറത്തുള്ള ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ തുടങ്ങിയ പഞ്ചായത്തിന്റെ ജനവാസമേഖലകളിലും കടന്നുകയറി കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ കാർഷിക വിഭവങ്ങളാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഫാമിലും പുനരധിവാസ മേഖലയിലുമായി എട്ടോളം പേർക്ക് കാട്ടാന അക്രമത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ജീവച്ഛവമായി കിടക്കുന്നവർ ഇതിലും ഏറെയാണ്. പക്ഷെ വര്ഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ അധികൃതർക്കയില്ല. പ്രമേയങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും യാതൊരു വിലയും കാണാതെ ഇതിനിടയിൽ കൃഷിയും കൃഷിയിടവും ഉപേക്ഷിച്ച് പോയവരും ഏറെയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13-ൽ കാട്ടാനക്കൂട്ടം എത്തി സംഹാര താണ്ഡവമാടുകയാണ്. വീടുകൾക്ക് മുന്നിലെ കപ്പയും വാഴയും ഉൾപ്പെടെ കാർഷിക വിളകൾ എല്ലാം വ്യാപകമായി നശിപ്പിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിൽ ഭീതിയോടെയാണ് ഇവിടുത്തെ ആദിവാസി കുടുംബങ്ങൾ കഴിച്ചു കൂട്ടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വാഴകളും ആയിരത്തിലധികം കപ്പയും തെങ്ങും കമുങ്ങും എല്ലാം രാത്രിയിൽ എത്തുന്ന കാട്ടാനക്കൂട്ടം നശിപ്പിച്ചു. വീട്ടിന് മുകളിൽ മരം പിഴുതിട്ടും ഭീകരന്തരീക്ഷം ഉണ്ടാക്കുകയാണ്. ആനശല്യം പേടിച്ച് പലരും വീട്ടു പറമ്പത്തെ അവശേഷിക്കുന്ന വാഴകളും മറ്റും കൊത്തി നശിപ്പിക്കുകയാണ്.
വർഷങ്ങൾക്ക് മുൻമ്പ് കൈയേറി കുടിൽ കെട്ടി താമസമാക്കിയ കുടുംബങ്ങളാണ് ബ്ലോക്ക് 13-ൽ ആന പേടിമൂലം പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായത്. കയേറി താമസിക്കുന്നതിനാൽ ഇവർക്ക് ആശ്വാസ സഹായം പോലും ലഭിക്കുകയുമില്ല. എട്ടു വർഷത്തിലധികമായി കൈയേറി താമസമാക്കിയ നൂറുകണത്തിന് കുടുംബങ്ങളാണ് മേഖലയിൽ ഉള്ളത്. നേരത്തെ ഫാമിലെ മുസ്ലിംകുടുംബങ്ങൾ താമസിച്ച പ്രദേശമായിരുന്നു ഇത്. ആദിവാസി സംഘടനകളുടെ എതിർപ്പിനെ തുടർന്ന 32 കുടുംബങ്ങൾക്ക് ഫാമിന് പുറത്ത് ഭൂമി നൽകി പുനരധിവസിപ്പിക്കുകയായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയാണ് കുറെ ഭാഗം കൈയേറ്റക്കരുടെ അധീനതയിലും കുറെ ഭാഗം കാടുമൂടിയും കിടക്കുന്നത്. ഇവിടങ്ങളിൽ താവളമാക്കിയ ആനക്കൂട്ടമാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഒരു മോഴ ആനയും കൊമ്പനുമടക്കം ഒരു മാസത്തിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ് . ഇവയെ വനത്തിലേക്ക് തുരത്തുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടില്ല.
ഇവിടുത്തെ താമസക്കാരായ ശ്രുതിയുടെ വീട്ടിന് മുകളിലേക്ക് കഴിഞ്ഞ ദിവസം ആനകൾ മരം ചവിട്ടി വീഴ്ത്തി വീട്ടുകാരെ അപയപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി . ഇവരുടെ വീട്ടുറമ്പിലെ സർവ വിളകളും ആനകൾ നശിപ്പിച്ചു. പ്രദേശത്തെ പി. സജീവിന്റെ വീട്ടുപറമ്പിലെ 900ചുവട് കപ്പ പൂർണ്ണമായും നശിപ്പിച്ചു. 20തോളം കമുങ്ങും കുത്തി വീഴ്ത്തി. കൃഷിയിടത്തിൽ പന്നികൂട്ടം ഇറങ്ങാതിരിക്കാൻ മരത്തിന് മുകളിൽ ടാർവീപ്പ കെട്ടി ഉണ്ടാക്കിയ പാട്ട മണി ഉപയോഗിച്ചാണ് പന്നികളെ തുരത്തി കൃഷികൾ സംരക്ഷിച്ചിരുന്നത്. വീട്ടിൽ നിന്നും ചരട് വിലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് പന്നികളെ തുരത്താൻ സഹായിച്ചിരുന്നത്. എന്നാൽ ഈ കൃഷിയെല്ലാം കാട്ടാനക്കൂട്ടങ്ങളെത്തി പാടേ നശിപ്പിച്ചു. പ്രദേശത്തെ കണ്ണ ഭാസ്‌ക്കരൻ, കുമാരൻ കല്ലൻ, കുഞ്ഞിരാമൻ കാഞ്ഞിലേരി, സുമി, രാജേഷ്, അനിൽ ബിനീഷ്, ശ്രുതി, തങ്കമണി, ടി.സി. രാജൻ , ബിനു എന്നിവരുടെ വീട്ടുപറമ്പിലെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. മേഖലയിലെ നിറയെ കായ്ഫലമുള്ള നൂറോളം തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തിയിട്ടുണ്ട്.
ആനകൾ എത്തിയതായി വിളിച്ചു പറഞ്ഞാൽ അധികൃതരുടെ ഭാഗത്തു നിന്നും പലപ്പോഴും ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അഥവാ ഇവർ സ്ഥലത്തെത്തിയാൽ തന്നെ ആനയെ ഓടിക്കാനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അൽപ്പനേരം സ്ഥലത്തു ചിലവഴിച്ച് അവർ പോവുകയും ചെയ്യും. പത്രങ്ങൾ കൊട്ടി ഒച്ചയുണ്ടാക്കിയും സ്വന്തം കൈയിൽ നിന്നും പണം എടുത്ത് പടക്കം വാങ്ങിപൊട്ടിച്ചും മറ്റുമാണ്‌ ജീവൻ സംരക്ഷിക്കുന്നതെന്നും ഇവർ പറയുന്നു.
ഫാമിനകത്ത് തമ്പടിച്ചിരുന്ന ആനക്കൂട്ടം ഫാമിലെ കശുവണ്ടിയും ചക്കയും കൊക്കോയുമെല്ലാം തീർന്നതോടെ ജനവാസ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതോടെ മേഖലയിലെ ജനങ്ങളും ഭീതിയിലാണ് . കൃഷി നാശത്തിനൊപ്പം ജീവനാശവും ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഇവർ രാത്രികാലങ്ങളിൽ കഴിഞ്ഞുകൂടുന്നത്. ശാശ്വതമായ ഒരു പരിഹാരം ഇതിനായി അധികൃതർ കണ്ടെത്തണമെന്നാണ് പ്രദേശ വാസികളും ആവശ്യപ്പെടുന്നത്.

Related posts

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

Aswathi Kottiyoor

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

Aswathi Kottiyoor

കോൺഗ്രസ് ജയ്ഭരത് സത്യാഗ്രഹം നടത്തി

WordPress Image Lightbox