കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ. മാനസികവും ശാരീരികവുമായി അവർ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെമ്പാടും ഗ്രന്ഥശാലകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം നൽകുന്നതിനുമായി പി.എൻ പണിക്കർ നടത്തിയ പരിശ്രമങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി.എൻ പണിക്കർ ഉയർത്തിയ മുദ്രാവാക്യത്തിന് എക്കാലവും പ്രസക്തിയുണ്ട്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ തുടർച്ചയായിരുന്നു കേരള ഗ്രന്ഥശാല സംഘത്തിന്റെ രൂപീകരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതും പി.എൻ പണിക്കരാണ്. പി.എൻ പണിക്കരെ പോലെത്തന്നെ ഗ്രന്ഥശാല രംഗത്ത് ഉന്നത ശീർഷനായിരുന്നു ഐ.വി. ദാസ് മാഷ്. അധ്യാപകൻ, പ്രാസംഗികൻ, പത്രാധിപർ, ഗ്രന്ഥകർത്താവ് തുടങ്ങി നിരവധി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പുജി ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുങ്കുളം പ്രദേശത്തെ പുസ്തക ഗ്രാമമായി മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വായന എന്ന പ്രക്രിയ നൽകിയിട്ടുള്ള സംഭാവന അതുല്യമാണെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാനവ പുരോഗതിയുടെ പാതയിൽ വെളിച്ചം വിതറിക്കൊണ്ട് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ ലൈബ്രറികളും അവയിലെ പുസ്തകങ്ങളുമെന്ന് മന്ത്രി പറഞ്ഞു. നോ ഡിജിറ്റൽ ഡിവൈഡ് എന്ന കാമ്പയിനിന്റെ ഭാഗമായി പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി നടത്തി.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആശംസാ സന്ദേശം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ചടങ്ങിൽ വായിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ ജൂൺ ലക്കം പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എം.എൽ.എ വി.കെ പ്രശാന്തിന് നൽകി നിർവഹിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.