കൊച്ചി> സംസ്ഥാനത്തിന്റെ വാണിജ്യ രംഗത്തിന് പുത്തൻ ഉണർവേകി കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഹ്രസ്വദൂര കണ്ടെയ്‌നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യ സർവീസ് 22ന് കൊച്ചിയിൽനിന്ന് പുറപ്പെടും. കപ്പൽ 23ന് ബേപ്പൂരിലും 24ന് അഴീക്കലും എത്തും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റൗണ്ട് ദ കോസ്റ്റ്’ എന്ന കമ്പനിയുടെ ‘എം വി ഹോപ് സെവൻ’ എന്ന കപ്പലാണ് ആദ്യ സർവീസ് നടത്തുക.
ആദ്യഘട്ടത്തിൽ 50 ടിഇയു കണ്ടെയ്‌നറുകളുമായാണ് സർവീസ്. പദ്ധതിയുടെ രണ്ടാംഘട്ടം കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്കുകപ്പൽ സർവീസാണ്. ഇത് ആഗസ്‌തോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോർഡ് സിഇഒ ടി പി സലിംകുമാർ പറഞ്ഞു. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസന്റീവ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്‌നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്‌നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകും. ഇൻസന്റീവ് ഡീസൽ വില വർധനയനുസരിച്ച് ഉയർത്തുകയും കാലാവധി നീട്ടുകയും ചെയ്‌താൽ കൂടുതൽ സർവീസ് നടത്താമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തുനിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്‌നറുകളുടെ കൈമാറ്റത്തിനാണ് ഹോപ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡുമാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് കൂടുതൽ ഗുണം ചെയ്യുക. രണ്ടരവർഷത്തിനുശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ആരംഭിക്കുന്നത്.
ചെലവ് 40 ശതമാനം കുറയും
സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 40 ശതമാനത്തോളം കുറവുണ്ടാകും. നാലായിരത്തോളം കണ്ടെയ്‌നറുകളാണ് റോഡുമാർഗം മലബാറിലേക്ക് ദിവസവും എത്തുന്നത്. അപകടകരമായ ഉൽപ്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾക്കും പരിഹാരമാകും. അന്തരീക്ഷ മലിനീകരണവും കണ്ടെയ്‌നർ ലോറികൾ സഞ്ചരിക്കുമ്പോഴുള്ള ഗതാഗതക്കുരുക്കും കുറയും.
കസ്‌റ്റംസ് ക്ലിയറൻസ് എളുപ്പമാക്കും
കസ്‌റ്റംസ് ക്ലിയറൻസ് നടപടികൾക്കായി നിലവിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽനിന്ന് കപ്പലുകൾ കൊച്ചി തുറമുഖത്തെത്തണം. എന്നാൽ, ക്ലിയറൻസ് നടപടികൾ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽത്തന്നെ പൂർത്തിയാക്കാനുള്ള സൗകര്യം താൽക്കാലികമായി അനുവദിക്കാമെന്ന് കസ്‌റ്റംസ് മാരിടൈം ബോർഡിനോട് സമ്മതിച്ചിട്ടുണ്ട്. കോസ്‌റ്റൽ ഷിപ്പിങ് നടത്തുന്നതിന് അഴീക്കൽ തുറമുഖത്തിന് അടുത്തിടെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ അനുമതി ലഭിച്ചു. ബേപ്പൂരിനു നേരത്തേതന്നെ അനുമതി ലഭിച്ചിരുന്നു.