ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ചകൾ തോറും അവലോകനം നടത്തി ഇളവുകൾ നൽകുമെന്നാണ് ലോക്ക് ഡൗണ്‍ ഇളവുകൾ അനുവദിച്ചപ്പോൾ തീരുമാനിച്ചത്. ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിച്ചിട്ടുള്ളത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളിൽ പരിമിതമായ തോതിൽ ആരാധനയ്ക്കുള്ള അനുമതി നൽകുമെന്നാണു സൂചന. ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാൽ മതിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇളവു നൽകാനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടിപിആർ 11.5 ശതമാനമാണ്. ഇന്ന് ആകട്ടെ 10.22 ശതമാനവും. ഈ നിലയിൽ മുന്നോട്ടു പോയാൽ അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ടു ടിപിആറിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സമുദായസംഘടനകളും മതമേലധ്യക്ഷന്മാരും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടിയേറ്റും നിർദേശിച്ചിരുന്നു.