കോവിഡ് മൂലം നഷ്ടപ്പെട്ട സമയവും വേഗതയും തിരിച്ചുപിടിച്ച് സർക്കാരിന്റെ മുൻഗണനാ പദ്ധതികളായ കൊച്ചി മെട്രോ, വേഗ റെയിൽപാത, തീരദേശപാത എന്നിവയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിനു പ്രധാന പരിഗണന നൽകണമെന്നും മുൻഗണനാപദ്ധതികളുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗം അടുത്ത മാർച്ചോടെ പൂർത്തിയാക്കും. കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും.
പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജിതപ്പെടുത്തും. ഓഗസ്റ്റിൽ 100 ദിന പരിപാടിയുടെ ഭാഗമായി ഇതിന്റെ ആദ്യ ഭാഗം കമ്മീഷൻ ചെയ്യും.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്ളൈ ഓവറുകളുടെ നിർമാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസർക്കാർ അംഗീകാരം തേടൽ മുതലായവയും ത്വരിതപ്പെടുത്തണം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണൽ റോഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി നടപടികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.