ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിനായി ഇന്നു മുതൽ ഈ മാസം 25 വരെ സ്കൂളിലെത്താം. പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
രണ്ടാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കഡറി പ്രായോഗിക പരീക്ഷകൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. വിദ്യാർഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ്. വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുന്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർഥികളെ മറ്റു കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തും. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാം.
ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല. ലാബുകളിൽ എസി ഉപയോഗിക്കാൻ പാടില്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടണം. ഒരുസമയത്ത് കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനു പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പൽ/ചീഫ് സൂപ്രണ്ട് അറിയിക്കും. സമയക്രമം കൃത്യമായി പാലിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞാലുടൻ സ്കൂൾ വിട്ടുപോകണം. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസീജിയർ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്മുറികളിൽ വച്ചും നടത്തണം. പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നൽകിയിട്ടില്ലാത്ത വിഷയങ്ങൾക്ക് മുൻ വർഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കന്പ്യൂട്ടർ അധിഷ്ഠിത പ്രായോഗിക പരീക്ഷകൾക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകൾ ഉപയോഗിക്കാനായി നൽകുന്നതാണ്.
വിദ്യാർഥികളുടെ ഹാജർ അധ്യാപകർ തന്നെ രേഖപ്പെടുത്തും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാർഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കൽ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ ചുവടെചേർക്കുന്നു.
1.ഫിസിക്സ്
പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തി. ഒരുവിദ്യാർഥി ഒരു പരീക്ഷണം ചെയ്താൽ മതിയാകും. വിദ്യാർഥി ലാബിനുള്ളിൽ ചെലവഴിക്കേണ്ട സമയവും ഒബ്സർവേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
2.കെമിസ്ട്രി
പരീക്ഷാസമയം ഒന്നരമണിക്കൂറായി പരിമിതപ്പെടുത്തി. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിംഗ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്സാമിനർ നിർദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ കുട്ടികൾ എഴുതി നൽകേണ്ടതാണ്.
3. ബോട്ടണി
പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തി. പ്രധാനമായും മൈക്രോസ്കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്പെസിമെൻ സംബന്ധിച്ച് എക്സാമിനർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപകർ പ്രദർശിപ്പിക്കുന്ന ഇനങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.
4. സുവോളജി
പരീക്ഷാസമയം ഒരു മണിക്കൂർ. സന്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോദ്യങ്ങൾക്കായി സ്കോർ വിഭജിച്ച് നൽകുന്നതാണ്.
5. മാത്തമാറ്റിക്സ് (സയൻസ് & കോമേഴ്സ്)
പരീക്ഷാ സമയം ഒന്നര മണിക്കൂർ. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കൽ ചെയ്താൽ മതിയാകും.
6. കന്പൂട്ടർ സയൻസ്
പരീക്ഷാസമയം രണ്ടുമണിക്കൂർ. നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർഥികൾ ചെയ്താൽ മതിയാകും.
7. കന്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ് & കോമോഴ്സ്)
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർഥികൾചെയ്താൽ മതിയാകും.
8. കന്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്
പരീക്ഷാസമയം ഒന്നര മണിക്കൂർ.
9. ഇലക്ട്രോണിക്സ്
പരീക്ഷാസമയം ഒന്നര മണിക്കൂർ.
10. ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സർവീസ് ടെക്നോളജി
പരീക്ഷാസമയം രണ്ടു മണിക്കൂർ.
11. കന്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി/ കന്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി
പരീക്ഷാ സമയം രണ്ടു മണിക്കൂർ.
12. സ്റ്റാറ്റിറ്റിക്സ്
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർഥികൾ ചെയ്താൽ മതിയാകും.
13. സൈക്കോളജി
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്സ് അനലൈസ്ചെയ്യേണ്ടതാണ്.
14. ഹോം സയൻസ്
പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തി.
15. ഗാന്ധിയൻ സ്റ്റഡീസ്
പരീക്ഷാസമയം ഒന്നര മണിക്കൂർ. ക്രാഫ്റ്റ്മേക്കിംഗും, ഡെമോൻസ്ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താൽ മതിയാകും.
16. ജിയോളജി
പരീക്ഷാ സമയം ഒന്നര മണിക്കൂർ. സ്പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കുകയും കുട്ടികൾ അത് സ്പർശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. Determinaton of streak and hardness using streak plate and hardness box shall be given exemptions.
17. സോഷ്യൽ വർക്ക്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽ വർക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.
18. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.
19. ജേർണലിസം
ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്കോർ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നൽകുന്നതാണ്.
20. ജോഗ്രഫി
പരീക്ഷാസമയം ഒരു മണിക്കൂർ. കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.
21. മ്യൂസിക്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അധ്യാപകൻ നിർദേശിക്കുന്ന വിധത്തിൽ ഓണ്ലൈനായോ നേരിട്ടോ നടത്തുന്നതാണ്.