ഡ്രൈവിങ് ലൈസന്‍സ് കാലാവധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കി. കോവിഡിനെ തുടര്‍ന്ന് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിട്ടും പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ സമയപരിധി സെപ്തംബര്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കി. സമയപരിധി അവസാനിച്ചവരില്‍ നിന്നും ഈ കാലയളവില്‍ പിഴ ഈടാക്കേണ്ടതില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്. രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ സമയത്തെ അവശ്യ സര്‍വീസുകളുടെ ഗതാഗതം തടസം ഉണ്ടാകാതിരിക്കുന്നതിനാണ് ഈ നടപടി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല ഓഫീസുകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ഇവ പുതുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ നടപടി. ലൈസന്‍സിന് പുറമെ വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നിട്ടുള്ളത്.
കാലാവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 10,000, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിനെ ഇളവില്‍ പെടുത്തിയിട്ടില്ല.