ഇരിട്ടി: രണ്ടാം കൊവിഡ് വ്യാപനവും അടച്ചിടലും മൂലം പ്രതിസന്ധിയിലായ വാഴകർഷകർക്ക് തുണയായി ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി. വിളവെടുപ്പു സമയം പിന്നിട്ടിട്ടും വിപണി കണ്ടെത്താനാകാതെ വിഷമിക്കുന്ന കർഷകരുടെ ആകുലതകൾ വാർത്തയായതിനേർത്തുടർന്നാണ് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി വാഴക്കുല ചാലഞ്ചുമായി രംഗത്ത് എത്തിയത്.
ഇവർ ചലഞ്ച് ഏറ്റെടുത്തതോടെ അയ്യൻകുന്ന് വലിയ പറമ്പുങ്കരി സ്വദേശിയായ ചേരാടിക്കൽ ബിനോയി , മാടത്തിയിലെ പരുത്തിവയലിൽ ജോണി എന്നിവരുടെ ഒന്നര ടൺ വാഴക്കുല ഒറ്റ ദിനം കൊണ്ടു തന്നെ വിൽപ്പന നടത്താനായി.
ബിനോയി വിവിധയിടങ്ങളിലായി മൂവായിരത്തിലേറെയും ജോണി മാടത്തിയിലും, കടത്തംകടവിലും, പെരുമ്പറമ്പിലുമായി അയ്യായിരത്തോളം വാഴകളുമാണ് കൃഷിയിറക്കിയിരുന്നത് . ഇവരുടെ മൂന്ന് ടണ്ണോളം വഴക്കുലകളാണ് മൂത്ത് പഴുത്ത് വിപണി കണ്ടെത്താനാവാതെ നശിക്കാൻ തുടങ്ങിയിരുന്നത് . വിൽപ്പന ചലഞ്ച് ഏറ്റെടുത്ത നൻമ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിട്ടി മേഖലയിലെ വിളക്കോട്, തന്തോട്, പെരുമ്പറമ്പ് , കാക്കയങ്ങാട്, എടക്കാനം, പുന്നാട് , കീഴൂർ, പായംമുക്ക്, പയഞ്ചേരി ,നേരംമ്പോക്ക്, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് ഓർഡർ സ്വീകരിച്ച് വിറ്റഴിക്കുകയായിരുന്നു . അവശേഷിക്കുന്ന വാഴക്കുലകളും വരും ദിവസങ്ങളിൽ മറ്റിടങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് വിറ്റഴികാണാനാണ് സൊസൈറ്റി അംഗങ്ങളുടെ തീരുമാനം.
നൻമ ഭാരവാഹികളായ സിനോജ് മാക്സ്, മനോജ് അത്തി തട്ട്, എൻ.കെ. സജിൻ, ജോണി യോയാക്ക്, സന്തോഷ് കോയിറ്റി, കെ.മോഹനൻ, വി.എം. നാരായണൻ, വി. പി . സതീശൻ, ഹരീന്ദ്രൻ പുതുശ്ശേരി, സുമ സുധാകരൻ, പ്രസന്ന ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
previous post