കോവിഡ്- 19 രണ്ടാംഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിൽ പൊട്ടന്തോട്ടിൽ ചാരായ വില്പനക്ക് ശ്രമിച്ചയാൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.
കൊട്ടിയൂർ പൊട്ടന്തോട് സ്വദേശി ആലുങ്കൽ ബിജു എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്. ഇയാൾ വില്പനക്കായി കൊണ്ടുവന്ന അഞ്ച് ലിറ്റർ ചാരായം പിടിച്ചെടുത്തു.
രണ്ടാംഘട്ട ലോക്ഡൗണിൻ്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ഇയാൾ മേഖലയിൽ വ്യാപകമായി ചാരായം വിതരണം നടത്തുന്നതായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. മുൻപും ചാരായ നിർമ്മാണവും വില്പനയുമായി ബന്ധപ്പെട്ട നിരവധി അബ്കാരി കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പ്രിവൻ്റീവ് ഓഫീസർ എംപി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇസി ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജയിംസ്, കെഎ മജീദ്, കെ എ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.