ന്യൂഡൽഹി: 75 ദിവസത്തിനിടെ രാജ്യത്തിന്ന് ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന നിരക്ക്; 70,421 പേർക്ക് രോഗം സ്ഥിരീകരിച്ചു, 3921 മരണം, സംസ്ഥാനങ്ങളിൽ മുന്നിൽ തമിഴ്‌നാടും കേരളവും
മാർച്ച് 31ന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദിനമാണിന്ന്. 70,421 പേർക്കാണ് ഇന്ത്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1,19,501 പേർ രോഗമുക്തി നേടി. മരണമടഞ്ഞവരുടെ നിരക്ക് ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. 3921 പേരാണ് ഇന്ന് രോഗത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.പ്രതിദിന രോഗബാധയിൽ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ 14,016 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാടാണ് ഒന്നാമത്. 11,584 പേരുമായി കേരളം രണ്ടാമതാണ്. 10,442 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്‌ട്ര മൂന്നാമതും 7810 കേസുകളുമായി കർണാടകയും 6770 കേസുകളുമായി ആന്ധ്രാ പ്രദേശും തൊട്ടുപിന്നിലുണ്ട്. 71.88 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ തമിഴ്‌നാട്ടിൽ നിന്നും 19.9 ശതമാനം രോഗികളുണ്ട്.രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവർ 2.95 കോടിയാണ്. ഇതിൽ 2.81 കോടി ജനങ്ങൾ രോഗമുക്തരായി. മറ്റ് രാജ്യങ്ങളെക്കാൾ വേഗത്തിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രോഗമുക്തി നിരക്ക് ഉയർന്നതോടെ ഡൽഹി, ഹരിയാന, തമിഴ്‌നാട് സംസ്ഥാനങ്ങൾ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.