23.6 C
Iritty, IN
November 21, 2024
  • Home
  • Kochi
  • കുറ്റം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിന്റെപേരിൽ മാത്രം ശിക്ഷിക്കരുതെന്ന് ഹൈക്കോടതി…
Kochi

കുറ്റം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിന്റെപേരിൽ മാത്രം ശിക്ഷിക്കരുതെന്ന് ഹൈക്കോടതി…

കൊച്ചി:കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ഉത്തരം പറഞ്ഞതിന്റെ പേരിൽമാത്രം ഒരാളെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി. ശിക്ഷ നൽകുന്നതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.

2014-ൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായിനടന്ന ഘോഷയാത്ര തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ റസീൻ ബാബു കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.ഇതിനെത്തുടർന്ന് പിഴയടയ്ക്കാൻ ശിക്ഷിച്ചു. ഇതിനെതിരേയായിരുന്നു ഹർജി. തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകിയത് മാത്രം കണക്കിലെടുത്ത് ശിക്ഷിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കുറ്റം സമ്മതിച്ചതിന്റെ പരിണതഫലം എന്താണെന്ന് അറിയില്ലായിരുന്നെന്നും കോടതി ശിക്ഷിച്ചതിന്റെ പേരിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻ) ആയി നിയമനം നിഷേധിക്കപ്പെട്ടുവെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
കേസ് 2017 മാർച്ച് ഒമ്പതിന് വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവന്നപ്പോൾ തെറ്റുചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2018 ഏപ്രിൽ 24-നാണ് കേസ് വീണ്ടും വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവരുന്നത്. അപ്പോഴും തെറ്റുചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഉണ്ടെന്നായിരുന്നു പ്രതിയുടെ ഉത്തരം. ഇതിന്റെയടിസ്ഥാനത്തിൽ തന്നെ ശിക്ഷിച്ചെന്നാണ് ഹർജിക്കാരൻ ബോധിപ്പിച്ചത്.

കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം നടപടിക്രമങ്ങൾ പാലിക്കപ്പെട്ടതായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ഏഴ് നിർദേശങ്ങളും എടുത്തുപറഞ്ഞു.

* കുറ്റാരോപിതനെതിരേയുള്ള കുറ്റങ്ങൾ വ്യക്തമാക്കി മജിസ്ട്രേറ്റ് കുറ്റങ്ങൾ ചുമത്തണം

* അവ കുറ്റാരോപിതനെ വായിച്ചു കേൾപ്പിക്കുകയും വിശദീകരിക്കുകയും വേണം

* അതിനുശേഷം ഈ കുറ്റങ്ങൾ ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്നു ചോദിക്കണം

* ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കി സ്വമേധയാ പ്രതി സമ്മതിക്കുന്നതായിരിക്കണം കുറ്റസമ്മതം

* കുറ്റസമ്മതം കഴിവതും പ്രതിയുടെ വാക്കുകളിൽതന്നെ രേഖപ്പെടുത്തണം

* ഇതെല്ലാം കണക്കിലെടുത്തായിരിക്കണം പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മജിസ്ട്രേറ്റ് വിവേചന ബുദ്ധിയോടെ തീരുമാനിക്കേണ്ടത്

* കുറ്റസമ്മതം സ്വീകരിച്ചാൽ മാത്രമേ പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

കേസ് പുനർവിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിലേക്ക് മടക്കുകയും ചെയ്തു

Related posts

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…

Aswathi Kottiyoor

സ്ഥിരം കൊടിമരങ്ങൾക്കെതിരെ എന്തു നടപടി ?: സർക്കാരിനെ വിമർ‌ശിച്ച് ഹൈക്കോടതി.

Aswathi Kottiyoor

പിതൃസ്മരണയിൽ ഇന്ന് വാവുബലി; ബലിതർപ്പണ പുണ്യം തേടി ആയിരങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox