തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കേരള തീരത്ത് ട്രോളിങ് നിരോധനം ഇന്ന് രാത്രിമുതല്‍ ഉണ്ടെങ്കിലും പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാം. ചെറിയ വള്ളങ്ങള്‍ക്ക് വിലക്ക് ഉണ്ടാവുകയില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി. ബുധനാഴ്ച വൈകിട്ടോടെ ട്രോളിങ് ബോട്ടുകളെല്ലാം കടലില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും.
കോവിഡ് പ്രതിസന്ധിക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ ട്രോളിങ് നിരോധനവും നിലവില്‍ വരുന്നതോടെ മത്സ്യതൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലും ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുണ്ടാക്കിയ കടലാക്രമണത്തിലും ഈ വര്‍ഷം പലതവണയും കടലില്‍ പോകാന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സാധിച്ചിരുന്നില്ല. ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെ കാലമാണ്.