റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിൽ റീപോ നിരക്കുകൾ വർധിപ്പിച്ചില്ല. നിലവിൽ നാല് ശതമാനമാണ് റീപോ നിരക്ക്. റിവേഴ്സ് റീപോ നിരക്കിലും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകൾക്കു അത്യാവശ്യഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്.
അതേസമയം, വളർച്ചാനിരക്കിൽ ചെറിയ കുറവുണ്ടാകുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 9.5 ശതമാനം വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. 10.5 ശതമാനമാണ് ആദ്യം വളർച്ച പ്രതീക്ഷിച്ചിരുന്നത്. വളർച്ചയുണ്ടാകാനാവശ്യമായ നടപടികൾ തുടരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ പദ്ധതി തുടരുമെന്നും മൊണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെടുത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പാ പരിധി.
കാർഷിക മേഖലയിൽ 3.6 ശതമാനം വളർച്ചയുണ്ടായി. സേവന മേഖലയിൽ 8.4 ശതമാനവും വ്യാവസായിക മേഖലയിൽ 7 ശതമാനവും ചുരുങ്ങി.