കോവിഡ് വാക്സിൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണ ജോർജാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം പറയുന്നു.
ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെ എംഎച്ച്ആർഎ, ജപ്പാൻ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്സിൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.