വെർച്വൽ പ്രവേശനോത്സവത്തിലൂടെ പുതിയ സ്കൂൾ വർഷത്തിന് ഇന്നു തുടക്കം. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് സ്കൂളിൽ നടക്കും. ചടങ്ങുകൾ രാവിലെ 8. 30 ന് ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. മുഖ്യാതിഥികളായി മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, തിരുവനന്തപുരം കോർപറേഷൻ മേയർ എസ്. ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം എം പി ഡോ. ശശി തരൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യവും ഉണ്ടാവും . ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും.
ഇതാദ്യമായി സ്പെഷൽ സ്കൂളുകളെയും സംസ്ഥാനതല പ്രവേശനേത്സവത്തിൽ ഉൾപ്പെടുത്തി. സ്പെഷൽ സ്കൂളുകളുടെ നേതൃത്വത്തിൽ ഹർഷം 2021 എന്ന പേരിൽ അഞ്ചു ദിവസത്തെ പ്രവേശനോത്സവ വാരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസ് തല പ്രവേശനോത്സവവും ഭവനതല പ്രവേശനോത്സവവും ഇന്നും നടത്തും.
അടുത്ത ദിവസങ്ങളിൽ ജില്ലാതല പ്രവേശന സംഗമങ്ങളും എല്ലാ ദിവസവും വൈകുന്നേരം പ്രവേശന സന്ധ്യകളും സംഘടിപ്പിക്കുമെന്നു സ്പെഷൽ സ്കൂൾ അസോസിയേഷൻ അറിയിച്ചു.
അഞ്ചിന് പരിസ്ഥതി ദിനത്തിൽ വീട്ടുമുറ്റങ്ങളിൽ നൻമയുടെ പൂമരം എന്ന പേരിൽ തൈ നടുന്നതോടെ പ്രവേശനോത്സവ വാരം സമാപിക്കും.