25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാമിലും പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനകൾ ………….
Iritty

ആറളം ഫാമിലും പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനകൾ ………….

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനക്കൂട്ടം. ആറളം ഫാമിലെ ബ്ലോക്ക് 13 ലെ ആദിവാസി കൂട്ടായ്മ നടത്തുന്ന മാതൃകാ ക്ലസ്റ്റർ വാഴ കൃഷി തോട്ടത്തിൽ കാട്ടാനകൾ നടത്തിയത് സംഹാര താണ്ഡവം. കുലച്ച 460 നേന്ത്രവാഴകളാണ് ആനക്കൂട്ടം നിശ്ശേഷം നശിപ്പിച്ചത് . 18 പേർ ചേർന്ന കൂട്ടായ്മയാണ് 3 ഏക്കർ സ്ഥലം കാടു വെട്ടിത്തെളിച്ച് കൃഷി ഇറക്കിയത്. കൃഷി തുടങ്ങിയത് മുതൽ ഇതു 3 -ാം തവണയാണ് ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. 1500 വാഴകൾ കൃഷിയിറക്കിയതിൽ ആയിരത്തിലധികവും ആനകൾ നശിപ്പിച്ചു. ഒറ്റ ദിവസം വരുത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് .
ഉറക്കമൊഴിഞ്ഞ് രാത്രിമുഴുവൻ കാവൽ ഇരുന്നും മറ്റും സംരക്ഷിച്ച കൃഷി നശിപ്പിക്കപ്പെട്ടതോടെ ഏറെ നിരാശയിലാണ് പ്രസിഡന്റ് കെ. എസ്. രാമുവിന്റെ നേതൃത്വത്തിലുള്ള ക്ലസ്റ്റർ അംഗങ്ങൾ. ആന കയറാതിരിക്കാൻ ഇവർ സ്ഥാപിച്ച സൗരോർജ വേലിയും ആന തകർത്തു. ജൈവ പച്ചക്കറി കൃഷിക്കുള്ള മികച്ച ട്രൈബൽ ക്ലസ്റ്ററിനുള്ള സംസ്ഥാന പുരസ്‌കാരം ഇവർക്ക് ലഭിച്ചിട്ടുള്ളതാണ്. ആറളം കൃഷിഭവന്റെ പിന്തുണയോടെയാണ് ഇവരുടെ പ്രവർത്തനം.
കഴിഞ്ഞ രണ്ട് മാസമായി ആറളം ഫാമിൽ ആന ഇറങ്ങാത്ത ഒരു ദിവസവും ഇല്ലെന്ന അവസ്ഥയിലാണ്. 2,3 ബ്ലോക്കുകകളിലായി 155 തെങ്ങും 224 കൊക്കോയും 40 തേനീച്ചപ്പെട്ടികളും മറ്റു വിളകളും നശിപ്പിച്ചു. ഫാം ഗോഡൗണിന്റെ വാതിലും കശുമാവ് നേഴ്സറിക്കും വർക്ക് ഷോപ്പിനും സംരംക്ഷണം തീർത്തിരുന്ന കമ്പി വേലിയും നശിപ്പിച്ചിരുന്നു. 20 ആനകൾ ഫാമിലുണ്ടെന്ന് താമസക്കാർ പറഞ്ഞു. കോവിഡ് ഭീഷണിക്കിടിയൽ കാട്ടാനക്കൂട്ടം കൂടി ആക്രമണകാരികളായി ഇറങ്ങിയത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുനരധിവാസ മേഖലയിൽ 74 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണ്ടെത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും പകലും തുടരുന്ന കാട്ടാന ശല്യം ആരോഗ്യ – തദ്ദേശ ഭരണ പ്രവർത്തകരെയും പൊലീസിനെയും ഭീഷണിയിലാക്കുന്നുണ്ട്. 2 മാസം മുൻപ് വനപാലകർ ആനക്കൂട്ടത്തെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതിനെതുടർന്ന് കുറച്ചു കാലത്തേക്ക് ആശ്വാസം ഉണ്ടായിരുന്നെങ്കിലും ആനകൾ എല്ലാം തന്നെ ഫാമിൽ തിരിച്ചെത്തുകയായിരുന്നു . ഫാമിലേക്ക് കടന്നുവരാത്ത വിധം കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഫാമിന്റെ നാശം തന്നെയാവും ഫലം.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപ്പറമ്പിൽ, അംഗം വി.ശോഭ, ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.സി. രാജു, ജോസ് അന്ത്യാംകുളം, വത്സാ ജോസ് പുത്തൻപുരയ്ക്കൽ, അംഗം മിനി ദിനേശൻ, കെ.ബി. ഉത്തമൻ, പി.കെ.രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സ്ഥലത്തെത്തിയ ആറളം കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് കൃഷി നാശം സംബന്ധിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി ജില്ല മേധാവികൾക്ക് നൽകിയിട്ടുണ്ടെന്നു അറിയിച്ചു. ഇൻഷൂറൻസ് ആനുകൂല്യം വേഗത്തിൽ ലഭ്യമാക്കാനുള്ള രേഖകൾ ഉടൻ സമർപ്പിക്കും.
ഇതേ അവസ്ഥയാണ് ഫാമിന് പുറത്ത് ബാവലിപ്പുഴക്കിക്കരെയുള്ള ജനവാസമേഖലയായ പാലപ്പുഴയിലേയും സ്ഥിതി. ഇവിടെയും കൃഷിയിടങ്ങളിൽ കാട്ടാനകൾ ഇറങ്ങാത്ത ദിവസങ്ങൾ വിരളമാണ്. ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളാണ് പുഴകടന്നു കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് . മേഖലയിലെ നിരവധി കർഷകരുടെ കാർഷിക വിളകളാണ് നിത്യവും കാട്ടാനകൾ ചവിട്ടി മെതിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടങ്ങൾ പാലപ്പുഴയിലെ രഞ്ചിനി നിവാസിൽ പ്രഭാകരൻ്റെ തെങ്ങ് വാഴ കൃഷികളും ,ചെക്കിയിൽ വിനീതയുടെ വാഴകളുമാണ് മാണ് നശിപ്പിച്ചത്. ആനകളെ പറമ്പിൽ നിന്നും തുരത്തിയോടിക്കലാണ് രാത്രികാലങ്ങളിൽ പലർക്കും പണി. വന്യജീവികളെ തുരത്താൻ ആർ ആർ ടി ഉണ്ടെങ്കിലും ആന ഇറങ്ങിയതായി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചാൽ എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിൽ ആനക്കൂട്ടം എത്താതിരിക്കാൻ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നതെങ്കിലും അത് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്

Related posts

വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ പ്രവ്യത്തി ഉദ്ഘാടനവും 12 ന്………..

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox