ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നിനു കൈറ്റ് വിക്ടേഴ്സ് ചാനലില്‍ വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ എട്ടു മുതല്‍ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങള്‍ കൈറ്റ് വിക്ടേഴ്സിലൂടെ കുട്ടികള്‍ക്ക് ആശംസകളർപ്പിക്കും.
രാവിലെ 11 മുതല്‍ യുഎന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ മൂന്നുവരെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
ജൂണ്‍ രണ്ടു മുതല്‍ നാലുവരെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ ഏഴു മുതൽ ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാവും ക്ലാസുകള്‍.
ഡിജിറ്റല്‍ ക്ലാസുകള്‍ക്കു പുറമേ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാന്‍ അവസരം നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുള്ള പ്രവര്‍ത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സിഇഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. ജൂലൈ മുതല്‍ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. മുഴുവന്‍ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലില്‍ത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലില്‍ ലഭ്യമാക്കും.