ഇന്ത്യയിൽ 1970 മുതൽ 2019 വരെയുള്ള 50 വർഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നു 40,000 പേർക്കാണു ജീവനഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ പത്തു വർഷത്തിനിടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനത്തിൽ വ്യക്തമാകുന്നു.
അന്പതു വർഷത്തിനിടെ 7063 തീവ്ര കാലാവസ്ഥാ ദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്. 1,41,308 പേർ മരിച്ചു. ഇതിൽ 40,358 പേർ(28 ശതമാനം) ചുഴലിക്കാറ്റ് മൂലമാണു മരിച്ചത്. 65,130 പേർക്കു പ്രളയത്തിൽ ജീവൻ നഷ്ടമായി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ്.എസ്. റേ, ആർ.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു റിസർച്ച് പേപ്പർ തയാറാക്കിയത്.
ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറൻ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിൽ അന്പതോളം പേർ മരിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കൻ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റിൽ മരണം കുറവാണെങ്കിലും വ്യാപക നാശമുണ്ടായി.
1971ൽ ബംഗാളിൽ ഉൾക്കടലിൽ ആറാഴ്ചയ്ക്കിടെ നാലു ചുഴലിക്കാറ്റുകൾ രൂപമെടുത്തു. സെപ്റ്റംബർ അവസാനത്തിനും നവംബർ ആദ്യ വാരത്തിനും ഇടയിലായിരുന്നു ചുഴലിക്കാറ്റുകൾ രൂപമെടുത്തത്. 1971 ഒക്ടോബർ 30ന് ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 10,000 പേരാണു മരിച്ചത്. പത്തുലക്ഷത്തിലധികം പേർ ഭവനരഹിതരായി. ബംഗാൾ ഉൾക്കടലിൽ 1977 നവംബർ ഒന്പതിനും 20നും ഇടയിൽ രണ്ടു ചുഴലിക്കാറ്റുകൾ ഉണ്ടായി. ചിരാല ചുഴലിക്കാറ്റ് എന്നു പേരുള്ള രണ്ടാമത്തേതായിരുന്നു നാശം വിതച്ചത്. 10,000 പേരാണ് അന്നു മരിച്ചത്. കോടികളുടെ കൃഷി നാശമുണ്ടായി. ആയിരക്കണക്കിനു വീടുകൾ തകർന്നു.
1970-1980 കാലത്ത് മാത്രം ചുഴലിക്കാറ്റ് ദുരന്തത്തിൽ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്. 2010-2019 കാലത്ത് മരണനിരക്കിൽ 88 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായതോടെയാണു ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു. മുന്പ് വൻ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. ഇപ്പോൾ മരങ്ങൾ കടപുഴകിയും വീടു തകർന്നുമാണ് മരണമുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.