കോവിഡ്-19 മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. മൂന്നാം തരംഗം കുട്ടികളെയാകും മാരകമായി ബാധിക്കുക എന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ, കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന് സ്വീകരിച്ച നടപടികൾ, കുട്ടികളിൽ കോവിഡ് ബാധ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ ആരാഞ്ഞത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ കുട്ടികളിൽ കോവിഡ് വ്യാപനം തടയേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 15 നകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.