ജൂൺ ഒന്പത് മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 52 ദിവസത്തേക്കാണ് നിരോധനം. കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തുള്ള മത്സ്യബന്ധനമാണ് നിരോധിക്കുന്നത്.
ജൂൺ ഒന്നുമുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറത്തുള്ള ആഴക്കടൽ മത്സ്യബന്ധനം കേന്ദ്രസർക്കാരും നിരോധിച്ചിട്ടുണ്ട്. എന്നാൽ പരന്പരാഗത മത്സ്യബന്ധനം നടത്തുന്നവർക്ക് നിരോധനമില്ല. മൺസൂൺ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്പോൾ ബയോമെട്രിക് തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈയിൽ കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
വിദൂരമേഖലയിൽ മീൻ പിടിക്കാൻ പോകുന്ന ഗിൽനെറ്റ്, ചൂണ്ട, പഴ്സീൻ ബോട്ടുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്. ട്രോളിംഗ് നിരോധനം നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചു. ഇതിനായി മൂന്ന് ബോട്ടുകൾ വാടകയ്ക്കെടുക്കും.
കൂടാതെ ഒന്പത് റസ്ക്യു ജീവനക്കാരെ അടുത്ത ദിവസങ്ങളിൽ നിയമിക്കും. കോസ്റ്റ് ഗാർഡിന്റെ സേവനവും ഉപയോഗിക്കും.