കൊട്ടിയൂർ ഉത്സവത്തിലെ ആദ്യ ചടങ്ങായ നെയ്യാട്ടം ഇന്ന് നടക്കും. കോവിഡിന്റെ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നൽകാതെയാണ് ഇത്തവണയും ഉത്സവ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കുന്ന സ്ഥാനികരുടെയും അടിയന്തിര യോഗക്കാരുടെയും എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യമൃതുമായി വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ മണത്തണയിലെ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ അവിടെ നിന്ന് പുറപ്പെടുന്ന സംഘം ഉച്ച കഴിയുമ്പോൾ കൊട്ടിയൂരിൽ എത്തിച്ചേരും. വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ ഇന്ന് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തും. സ്ഥാനിക ബ്രാഹ്മണൻ ഏകനായാണ് വാൾ എഴുന്നള്ളിക്കുന്നത്..
പാനൂർ നിടുമ്പ്രത്ത് നിന്ന് സ്ഥാനികൻ വില്ലിപ്പാലൻ കുറുപ്പിന്റെ നേതൃത്വത്തിലുള്ള നെയ്യമൃത് സംഘത്തിലും കുറ്റ്യാട്ടൂരിൽ നിന്ന് തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘത്തിലും നാല് പേർ വീതമാണ് അക്കരെ പ്രവേശിച്ച് നെയ്യമൃത് സമർപ്പിക്കുക. തൃക്കപ്പാലത്തു നിന്നുള്ള സംഘത്തിൽ രണ്ട് പേരാണ് ഉണ്ടാകുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഭിഷേകം നടത്തുക.
സർക്കാർ നിർദേശം അനുസരിച്ചുള്ള ചടങ്ങുകൾ മാത്രമാണ് കൊട്ടിയൂരിൽ നടത്തുക. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്കും നാട്ടുകാർക്കും ഉത്സവ നഗിരിയിലേക്ക് പ്രവേശനം ഇല്ല. നാളെയാണ് ഭണ്ഡാരം എഴുന്നള്ളത്ത്.
– Advertisement –