അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പം കോവിഡ് വ്യാപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷ്യ,സിവിൽ സപ്ലൈസ്.എഫ്സിഐ തുടങ്ങിയ വിവിധ വകുപ്പുകളിലെ ജീവനക്കാരെ വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്സിൻ നിർബന്ധമാണെങ്കിൽ അതുനൽകും. വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നൽകിയാൽ അങ്ങനെ ചെയ്തു കൊടുക്കും.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് വേണ്ട മരുന്നിന്റെ സംഭരണം ഉറപ്പാക്കും. അതിനായി ബോധവത്കരണവും സംഘടിപ്പിക്കും. ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിൽ കൂടുതലായി രോഗം വർധിച്ചിട്ടില്ല.
വൈറസുകൾ പെരുകുന്നത് തടയുന്ന മരുന്ന് ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളുടെ ഓക്സിജൻ ആശ്രയത്വം കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ അരലക്ഷം ഡോസിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകി. ജൂണിൽ മരുന്ന് കിട്ടും എന്നാണ് പ്രതീക്ഷ.
കേരളത്തിൽ തന്നെ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. വിവിധ കമ്പനികളുമായി സർക്കാർ ചർച്ച നടത്തിവരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറളജി ക്യാന്പസിൽ ഉത്പാദനം നടത്തുകയാണ് ലക്ഷ്യം.
എല്ലാ ആദിവാസി കോളനികളിലും അവശ്യസാധങ്ങളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കണം. സാധനങ്ങൾ വാങ്ങാൻ ആദിവാസികൾ കോളനികളിൽനിന്നും പുറത്തു പോകുന്നത് ഈ ഘട്ടത്തിൽ പ്രശ്നമാവും. അതിനാൽ അവർക്ക് വേണ്ട സാധനങ്ങൾ കോളനികളിൽ എത്തിക്കണം.
അധ്യായന വർഷം ആരംഭിക്കാനിരിക്കുകയാണ്. പാഠപുസ്തകങ്ങളെല്ലാം റെഡിയായിട്ടുണ്ട്. പുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടു പോകുന്നത് അവശ്യസർവീസായി പ്രഖ്യാപിക്കും.
രോഗവ്യാപനം നിയന്ത്രിച്ചു നിർത്താൻ പറ്റുന്നതിനാലാണ് മരണനിരക്ക് കുറയുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് കേസുകൾ കൂടുകയും കുറയുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ ഈ പ്രക്രിയ പതുക്കെയാണ്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞാലും കോവിഡ് മരണനിരക്ക് കൂടാനാണ് സാധ്യത. മേയ് 12-ന് 43,000 കേസുകൾ കേരളത്തിലുണ്ടായിരുന്നു. ആ സമയത്ത് രോഗം സ്ഥിരീകരിച്ചവരിൽ പലരുമാണ് ഈ ദിവസങ്ങളിൽ മരണപ്പെട്ടത്.
എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജൻ, വെന്റിലേറ്റർ, ഐസിയു കിടക്കകൾ എന്നിവ ഉണ്ടെന്ന് ജില്ലാ കളക്ടർമാരുടെനേതൃത്വത്തിൽ അടിയന്തരമായി ഉറപ്പാക്കണം. നിർണായകമായ മൂന്ന് ആഴ്ചകളാണ് നമ്മുക്ക് മുൻപിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. ഇവർക്ക് ആശ്വാസം നൽകാൻ പ്രശാന്തി എന്ന ഹെൽപ്പ് ലൈൻ സംവിധാനം പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി ചിരി എന്ന പേരിൽ മറ്റൊരു ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.