കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി വില്ലിപ്പാലൻ തറവാട്ട് ക്ഷേത്രമായ ചൊക്ളി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപ്പാലൻ കണിയേരി ബാല കുറുപ്പിന്റെയും ഇളന്തോടത്ത് മാധവകുറുപ്പിന്റെയും നേതൃത്വത്തിൽ അഞ്ചു പേർ മാത്രം അടങ്ങുന്ന നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടു.കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ചടങ്ങ് നടത്തിയത് .മുൻവർഷങ്ങളിൽ നൂറുകണക്കിന് ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടക്കുന്ന കലശപാത്രം എഴുന്നള്ളിക്കൽ ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കേവലം ചടങ്ങ് മാത്രമായാണ് നടത്തിയത് .
നെയ്യമൃത് സംഘം ഇന്നലെ എടയാറിലും ഇന്ന് മണത്തണ ചപ്പാരം ക്ഷേത്രത്തിലും വിശ്രമിക്കുന്നതാണ്.തിങ്കളാഴ്ച കാലത്ത് മണത്തണയിൽ നിന്നും വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും
തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും കലശ പാത്രങ്ങൾ ഒരുമിച്ചു കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.തിങ്കളാഴ്ച രാത്രി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന നെയ്യാട്ടത്തിൽ രണ്ടു കലശ പാത്രങ്ങളിലെ നെയ്യും തൃക്കപാലം മഠത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്യ് കിണ്ടിയിൽ നിന്നുള്ള നെയ്യും അഭിഷേകം ചെയ്യുന്നതാണ്.