കോവിഡ് – 19 രണ്ടാം ഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കണിച്ചാർ ടൗണിനു സമീപം പ്രവർത്തിക്കുന്ന വാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് കണ്ടെത്തി തകർത്തു. വാറ്റുകേന്ദ്രത്തിൽ നിന്ന് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച 75 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. സംഭവത്തിൽ രണ്ടു പേർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
കണിച്ചാർ സ്വദേശി നൂറ്റിക്കാട്ടിൽ വീട്ടിൽ മാർഷൽ എൻ സേവ്യർ – (വയസ്സ് 36/ 2021) , കണിച്ചാർ ചന്ദമാങ്കുളം സ്വദേശി പെരിഞ്ചേപ്പാട്ട് വീട്ടിൽ മനു ബാലചന്ദ്രൻ (വയസ്സ് 32/ 2021) എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബഹു : എക്സൈസ് കമീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
കോവിഡ് ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ചാരായ വില്പന ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കണ്ടെത്തിയത്. കണിച്ചാർ ടൗണിനോടു ചേർന്നുള്ള കൈത്തോടിന്റെ മറുകരയിൽ ഓടക്കാടുകൾക്കിടയിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ടൗണിനു തൊട്ടടുത്ത് അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തിൽ, ഓറഞ്ച്, നീല, വെള്ള നിറങ്ങളിലുള്ള 25 ലിറ്റർ വീതം കൊള്ളുന്ന മൂന്നു പ്ലാസ്റ്റിക്ക് ജാറുകളിലായി സൂക്ഷിച്ചിരുന്ന ലിറ്റർ 75 വാഷ്, വെളുത്ത പ്ലാസ്റ്റിക് കന്നാസിൽ ശേഖരിച്ചു വച്ച അഞ്ചു ലിറ്റർ ചരായം, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.
പ്രവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ സി ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ എ മജീദ്, പി എസ് ശിവദാസൻ, എൻ സി വിഷ്ണു എന്നിവർ പങ്കെടുത്തു.