രണ്ടാം പിണറായി മന്ത്രിസഭയിൽ ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കേരള കോണ്‍ഗ്രസ്-ബി, കോണ്‍ഗ്രസ്-എസ് എന്നീ പാർട്ടികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോണ്‍ഗ്രസിൽനിന്ന് ആന്റണി രാജുവും ഐഎൻഎലിൽനിന്ന് അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ്-ബിയുടെ പ്രതിനിധിയായ കെ.ബി. ഗണേഷ് കുമാറും കോണ്‍ഗ്രസ്-എസിലെ രാമചന്ദ്രൻ കടപ്പള്ളിയും രണ്ടാം ടേമിലും. ലോക് താന്ത്രിക് ജനതാദളിനു (എൽജെഡി) മന്ത്രിസ്ഥാനം നൽകില്ല. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിന്റെതാണു തീരുമാനം. മന്ത്രിസഭയുടെ അംഗബലം 21 ആക്കാനും തീരുമാനിച്ചു.
ഇടതുമുണിയിൽ നവാഗതരായ കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. റോഷി അഗസ്റ്റിൻ മന്ത്രിയും ഡോ. എൻ.ജയരാജ് ചീഫ് വിപ്പുമാകും. ജനതാദൾ-എസിനും എൻസിപിക്കും മന്ത്രിസ്ഥാനം ലഭിച്ചു. ജനതാദൾ-എസിലും ടേം വ്യവസ്ഥയിൽ മന്ത്രിമാരെ നിശ്ചയിക്കാനാണു ധാരണ. മാത്യു ടി. തോമസും കെ.കൃഷ്ണൻ കുട്ടിയുമാണു രണ്ടു ജെഡിഎസ് എംഎൽഎമാർ. ആദ്യടേമിൽ കെ. കൃഷ്ണൻകുട്ടി മന്ത്രിയാകും.
എൻസിപിയിലും മന്ത്രിയുടെ കാര്യത്തിൽ ടേം വ്യവസ്ഥയാണ്. ആദ്യടേം ലഭിക്കണമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇന്നു തീരുമാനമെടുക്കും. ഇതിനായി ദേശീയ നേതാവ് പ്രഫുൽ പട്ടേൽ എത്തിയേക്കും. ആദ്യടേം തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതിനോടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനു താത്പര്യം.
എൽജെഡിയോട് ജെഡിഎസുമായി ലയിക്കാൻ സിപിഎം നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലയനവുമായി ബന്ധപ്പെട്ടുള്ള ഒരു നീക്കവും എൽജെഡി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ലയനമില്ലെങ്കിൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കില്ലെന്ന് എം.വി. ശ്രേയാംസ്കുമാറിനോടു സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു. മുന്നണിയിലില്ലാത്ത ആർഎസ്പി-ലെനിനിസ്റ്റിന്റെ ഏക എംഎൽഎ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
കഴിഞ്ഞ തവണ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി 12 മന്ത്രിമാരാണുണ്ടാകുക. സ്പീക്കർ സ്ഥാനവും സിപിഎമ്മിനാകും. സിപിഐക്കു നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിക്കും. സിപിഎം മന്ത്രിമാരെ തീരുമാനിക്കുന്നതിനായി ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നു സംസ്ഥാന സമിതിയും ചേരും. സിപിഐ മന്ത്രിമാരെ നിശ്ചയിക്കുതിനായി ഇന്നു സംസ്ഥാന എക്സിക്യൂട്ടീവും അതിനു ശേഷം സംസ്ഥാന കൗണ്‍സിലും ചേരും.
പിണറായി വിജയനെ മുഖ്യമന്ത്രിയായി ഇന്നു ചേരുന്ന ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗം തെരഞ്ഞെടുക്കും.
സിപിഐയിൽ ഇത്തവണയും പുതുമുഖങ്ങൾ
തിരുവനന്തപുരം : സിപിഐയിലെ നാലു മന്ത്രിമാരും ഇത്തവണയും പുതുമുഖങ്ങൾ തന്നെ. പി. പ്രസാദ്, കെ. രാജൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിമാരാകാനാണു സാധ്യത. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇന്നു ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗം മന്ത്രിമാരെ നിശ്ചയിക്കും.
കഴിഞ്ഞ സർക്കാരിലും സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരുന്നു. കൃഷി, റവന്യൂ, വനം, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ സിപിഐ തന്നെ കൈകാര്യം ചെയ്യും. വകുപ്പുകൾ വിട്ടു തരില്ലെന്നു സിപിഎമ്മുമായുള്ള ചർച്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.