24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ലോക്ക് ഡൗണ്‍ കാലത്തെ വാഹന സംരക്ഷണം; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
Kerala

ലോക്ക് ഡൗണ്‍ കാലത്തെ വാഹന സംരക്ഷണം; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനം ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വാഹന സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ദീര്‍ഘ നാള്‍ ഉപയോഗിക്കാതെ ഇരിക്കുമ്ബോള്‍ വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ചും ഇടവേളയ്ക്ക് ശേഷം വാഹനം ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മൂന്നോ നാലോ ദിവസം കൂടുമ്ബോള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കുറച്ച്‌ സമയം ഇടുന്നത് നന്നായിരിക്കും. വാഹനത്തിന്റെ എന്‍ജിന്‍ പാര്‍ട്‌സുകള്‍ തുരുമ്ബ് പിടിക്കാതിരിക്കാനും, ലൂബ്രിക്കേഷന്‍ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിര്‍ത്താനും ഇതുപകരിക്കും. കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാര്‍ട്ട് ചെയ്ത് ഉടനെ ആക്‌സിലറ്റേര്‍ കൊടുക്കുന്നത് ഒഴിവാക്കണം.

ഹാന്‍ഡ് ബ്രേക്ക് ജാം ആകാന്‍ സാധ്യതയുള്ളതിനാല്‍ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം. വാഹനം ഉരുളാതിരിക്കാന്‍ ഫസ്റ്റ് ഗിയറില്‍ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമൊ ടയറിന്റെ താഴെ വക്കാം.

ഇടക്കിടക്ക് വാഹനം പൊസിഷന്‍ മാറ്റി ഇടുന്നത് ടയര്‍ കേടു വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്ബോള്‍ ഇത് വൈബ്രേഷനും അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാന്‍ സാധിക്കാത്തപ്പോഴൊ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ Jack up ചെയ്ത് വക്കുന്നത് നന്നായിരിക്കും.

ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക. പ്രത്യേകിച്ച്‌ ഉള്‍ഭാഗം. മഴക്കാലമായതിനാല്‍ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. Wax based upholstery cleaning spray ഉപയോഗിക്കാം.

വെയിലുള്ളപ്പോള്‍ വാഹനത്തിന്റെ ഡോര്‍ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോര്‍ച്ചില്‍ സൂക്ഷിക്കുന്ന വാഹനമാണെങ്കില്‍ കാര്‍ കവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എ.സിയുടെ റീ സര്‍ക്കുലേഷന്‍ മോഡ് ഓഫ് ചെയ്ത് വെക്കാന്‍ മറക്കരുത്.

ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെര്‍മിനലില്‍ പെടോളിയം ജെല്ലി പുരട്ടുന്നതും എലിയുടെയും മറ്റും ശല്യം മൂലം വയറുകള്‍ക്ക് നാശം വരാതിരിക്കാന്‍ Anti rodent spray സ്‌പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കില്‍ ബാറ്ററി ടെര്‍മിനല്‍ വയര്‍ അഴിച്ചിടാവുന്നതാണ്.

ഉപയോഗിക്കാതെ ഇരിക്കുമ്ബോള്‍ വൈപ്പര്‍ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക. കഴിയുന്നതും ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂല്‍ ലൈനിലും തകരാറുകള്‍ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം.

മോട്ടോര്‍ സൈക്കിള്‍ ആണെങ്കില്‍ മേല്‍ പറഞ്ഞത് കൂടാതെ വാഹനം സെന്റര്‍ സ്റ്റാന്റില്‍ സൂക്ഷിക്കണം.

വാഹനം വീണ്ടും ഉപയോഗിക്കുമ്ബോള്‍

വാഹനത്തിന്റെ എ സി ഓഫ് ചെയ്തു സ്റ്റാര്‍ട്ട് ആക്കുക. സ്റ്റാര്‍ട്ട് ആക്കിയ ഉടനെ ആക്‌സിലേറ്റര്‍ പെട്ടെന്ന് അമര്‍ത്തരുത്. മൂന്ന് മിനിറ്റിന് ശേഷം ആക്‌സിലറേറ്റര്‍ പതുക്കെ കൊടുത്ത് എന്‍ജിന്‍ റൈസ് ചെയ്യുക. എസി ഓണ്‍ ചെയ്തതിനു ശേഷം ഡോറിന്റെ ഗ്ലാസ്സുകള്‍ താഴ്ത്തിയിടുക.

വാഹനം വേഗത കുറച്ച്‌ മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

ടയര്‍ പ്രഷറും, തേയ്മാനവും നിര്‍ബന്ധമായും പരിശോധിക്കണം. മഴക്കാലമായതിനാല്‍ ത്രെഡിന്റെ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം.

ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ഹോണ്‍ എന്നിവ പരിശോധിക്കണം.

ലോക്ക് ഡൗണിന് ശേഷം വാഹനങ്ങള്‍ക്ക് തകരാര്‍ മൂലവും അപകടം മൂലവും കൂടുതല്‍ സാമ്ബത്തിക നഷ്ടം വരാതെ ശ്രദ്ധിക്കാം.

സമൂഹ രക്ഷക്കായി അനാവശ്യ യാത്രകള്‍ ഒഴിവാക്കാം…

Related posts

റംസാന്‍ വ്രതാരംഭം നാളെ  മുതല്‍

Aswathi Kottiyoor

ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയിൽ.

Aswathi Kottiyoor

ആശുപത്രികളുടെ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം: കേരളത്തിന്റെ നിലപാട് തേടി സുപ്രീം കോടതി.

Aswathi Kottiyoor
WordPress Image Lightbox