സംസ്ഥാനത്ത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും സിലിണ്ടറുകളും വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാനായി സുരക്ഷാമാനദണ്ഡങ്ങളുമായി അഗ്നിശമന സേന.
ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഓക്സിജന്‍ സുരക്ഷിതവും സ്ഫോടനാത്മകമല്ലാത്തതുമാണ്. എന്നാല്‍ ഏതെങ്കിലും വസ്തുക്കള്‍ കത്തുകയാണെങ്കില്‍ ഓക്സിജന്‍ കൂടുതലുള്ള അന്തരീക്ഷത്തില്‍ കത്തുന്ന വസ്തു വേഗത്തില്‍ കത്താന്‍ കാരണമാവും. ഇപ്പോള്‍ വീടുകളിലും ആശുപത്രികളിലുമെല്ലാം ഒരുപോലെ ഇവ ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും രീതിയിലുള്ള സുരക്ഷാ വീഴ്ച ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കുമെന്നും ഫയര്‍ഫോഴ്സ് മുന്നറിയിപ്പു നല്കി.
ഉത്തരേന്ത്യയിലും മറ്റും കോവിഡ് ആശുപത്രികളില്‍ അഗ്നിബാധ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയും മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത ഘട്ടത്തിലാണു സംസ്ഥാനത്തും ഓക്സിജന്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഫയര്‍ഫോഴ്സ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. അതത് ജില്ലാ ഫയര്‍ഫോഴ്സ് മേധാവികള്‍ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം കൈമാറണമെന്നും ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ ഉത്തരവിട്ടു.
ഓക്സിജന്‍ സിലിണ്ടറുകൾ ഉപയോഗിക്കുന്ന മുറിയില്‍ നിന്ന് കത്താന്‍ സാധ്യതയുള്ള മെഴുകുതിരി, ഗ്യാസ് അടുപ്പുകള്‍, തീപ്പൊരി ഉണ്ടാവാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യണം. സൂക്ഷിക്കുന്നതിനടുത്ത് പുകവലി പാടില്ല. ഓക്സിജന്‍ സൂക്ഷിക്കുന്നതിന് സമീപത്തുള്ള എല്ലാ വൈദ്യുതി ഉപകരണങ്ങളും കൃത്യമായി എര്‍ത്തിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുകയും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. തുണിയോ പ്ലാസ്റ്റികോ ഉപയോഗിച്ച് മൂടാന്‍ പാടില്ല. ശരിയായ ഫ്ളോ മീറ്റര്‍ ഉപയോഗിക്കണം. സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും വേണം. ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ സൈക്കിളിലോ മറ്റ് ഇരുചക്രവാഹനങ്ങളിലോ കൊണ്ടുപോവരുതെന്നും ഫയര്‍ഫോഴ്സ് അറിയിക്കുന്നു.