കേളകം: കനത്ത മഴയിൽ ജാഗ്രതയോടെ മലയോര നിവാസികൾ. കൊട്ടിയൂർ, കേളകം , കണിച്ചാർ , പേരാവൂർ മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതയോടെ അധികൃതർ. കൊട്ടിയൂർ പഞ്ചായത്താൽ അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റി പാർപ്പിക്കാൻ സ്കൂൾ അധികൃതർക്ക് കത്ത് നൽകി. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിനാണ് കത്ത് നല്കിയിട്ടുള്ളത്. കൂടുതൽ സ്ഥാപനങ്ങൾ അവശ്യമായി വന്നാൽ അമ്പായത്തോട് സെന്റ് ജോർജ് യുപി സ്കൂൾ, മന്ദംച്ചേരി യുപി സ്കൂൾ, പാമ്പറപ്പാൻ എൻഎസ്എസ് യുപി സ്കൂൾ, ചുങ്കക്കുന്ന് ഗവ. യുപി സ്കൂൾ തുടങ്ങിയവയും ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു. മറ്റൊരു അപകട സാധ്യതയുള്ള മേഖല കൊട്ടിയൂർ – ബോയിസ് ടൗൺ ചുരം റോഡിൽ ഏതെങ്കിലും സാഹചര്യത്തിൽ മണ്ണിടിച്ചിലുണ്ടായാൽ അടിയന്തരമായി മണ്ണു നീക്കുന്നതിന് ജെസിബി ഉൾപ്പെടെയുള്ള ക്രിമികരണങ്ങൾ നടത്തിയതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കേളകം പഞ്ചായത്തിൽ ആശങ്കയുള്ള പ്രദേശം ശാന്തിഗിരി കൈലാസംപടിയാണ് ഇവിടുത്തെ ഭൂമിക്ക് വിള്ളൽ രൂപപ്പെട്ടതു മൂലം പ്രദേശവാസികൾ ഭീതിയിലാണ്.