കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
‘വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്’ – എന്നിങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിലും ഓക്സിജൻ, വാക്സിൻ, മരുന്ന് എന്നിവയുടെ ക്ഷാമത്തിലും പ്രധാനമന്ത്രിക്കെതിരെ തുടർച്ചയായി രാഹുൽ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരേയും രാഹുൽ വലിയ വിമർശനങ്ങളാണ് ഉന്നയിച്ചത്.