കൊട്ടിയൂർ: ഗൗരിയമ്മയുടെ ഓർമകൾക്ക് മുമ്പിൽ വിതുമ്പുകയാണ് കൊട്ടിയൂർ സ്വദേശിനി കൊല്ലകോണത്ത് രാധമ്മ (78). ” 38 ദിവസം ഗൗരിയമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചു. അവർ എന്നെ കൂടപ്പിറപ്പിനേപ്പോലെ കണ്ടു…’ കൊട്ടിയൂർ കുടിയിറക്ക് സമരത്തിന്റെ ഭാഗമായി ആലുവ സബ്ജയിലിൽ കഴിഞ്ഞപ്പോൾ ഗൗരിയമ്മയുടെ സ്നേഹം അടുത്തറിഞ്ഞത് ഓർമിച്ച് രാധമ്മ പറഞ്ഞു.
20ാം വയസിലായിരുന്നു എന്റെ കല്യാണം. 21ാം വയസിൽ മലബാറിലേക്ക് കുടിയേറി. ഭർത്താവ് പുരുഷോത്തമൻനായരുമൊത്ത് കൊട്ടിയൂർ ദേവസ്വം ഭൂമിയിലായിരുന്നു കുടിയേറിപ്പാർത്തത്. എന്നാൽ, കുടിയിറക്കിന്റെ ഘട്ടത്തിൽ ഒഴിപ്പിക്കലിനെതിരേ എകെജി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.
തുടർന്ന് സമരത്തിനായി എകെജിയോടൊപ്പം ഞാനും ഭർത്താവുമുൾപ്പെടെ പതിനൊന്ന് പേർ തിരുവനന്തപുരത്തേക്ക് സമരത്തിനായി ജീപ്പിലും കാറിലുമായി പുറപ്പെട്ടു. എന്നാൽ, തൃപ്പൂണിത്തുറയിൽ വച്ച് എകെജിയെയും ഞങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. അവിടെ നിത്യസന്ദർശകയായിരുന്നു ഗൗരിയമ്മ. 38 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ വസ്ത്രങ്ങളടക്കം ഗൗരിയമ്മ എത്തിച്ച് തന്നിരുന്നു. പിന്നീട് പലപ്പോഴും കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇനി അതു കഴിയില്ലല്ലോ… രാധമ്മ പറയുന്നു.
ഭർത്താവിന്റെ മരണശേഷം കൊട്ടിയൂർ മന്ദംചേരിയിലെ വീട്ടിൽ മകൻ രാധാകൃഷ്ണനോടൊപ്പം കഴിയുകയാണ് രാധമ്മ.