ന്യൂഡൽഹി: കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന. അതിവേഗത്തിൽ പടരുന്നതും രോഗികൾ പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ഇന്ത്യൻ വകഭേദത്തിന്റെ പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളിൽ ഇന്ത്യൻ വകഭേദമായ B.1.617 ന്റെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യസംഘടനയുടെ ആറു മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമേ ബ്രിട്ടനിലാണ് കൊറോണ വൈറസിന്റെ B.1.617 ഭഗ വേദം കൂടുതൽ കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതുകൂടാതെ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.