ലോക്ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്കു യാത്രചെയ്യാനുള്ള പോലീസ് പാസിനായുള്ള അപേക്ഷകരുടെ എണ്ണം 1.75 ലക്ഷം കടന്നു. ഒരു ദിവസത്തിനുള്ളിലാണ് ഇത്രയധികം പേർ അപേക്ഷ നൽകിയത്. എന്നാൽ 15,761 പേർക്കു മാത്രമാണു പാസ് നൽകിയത്.
അപേക്ഷകരുടെ ബാഹുല്യം മൂലം പോലീസ് വെബ്സൈറ്റ് തകരാറിലായതിനാൽ പാസ് വേണ്ട പലർക്കും അപേക്ഷിക്കാനായില്ലെന്നും പരാതിയുണ്ട്. ശനിയാഴ്ച വൈകുന്നേരം വെബ്സൈറ്റ് ആരംഭിച്ചതിനു പിന്നാലെ രാത്രിയോടെ അപേക്ഷകളുടെ എണ്ണം 40,000 കവിഞ്ഞു. ഇതേത്തുടർന്ന് വെബ്സൈറ്റ് തകരാറിലായി. ഇന്നലെ രാവിലെയാണ് തകരാർ പരിഹരിച്ചതെന്നാണു പോലീസ് പറയുന്നത്.
ഒരേ സമയം 5,000 പേർക്ക് അപേക്ഷ സമർപ്പിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റ് സജ്ജമാക്കിയിരുന്നത്. പലപ്പോഴും ഒരേസമയം 10,000-ൽ അധികം പേർ പാസിന് അപേക്ഷിക്കുന്നതാണ് സൈറ്റ് ഡൗണ് ആകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അപേക്ഷ ലഭിച്ചതിൽ ഭൂരിഭാഗത്തിലും യാത്രയ്ക്കായി പറയുന്ന കാരണങ്ങൾ ഗൗരവമല്ലാത്തതിനാലാണ് പാസ് അനുവദിക്കാത്തതെന്നാണു പോലീസ് ഭാഷ്യം. ഇന്നു മുതൽ അപേക്ഷകരുടെ എണ്ണം വർധിക്കുമെന്നും പോലീസ് കണക്കുകൂട്ടുന്നു.
തിരിച്ചറിയൽ കാർഡുള്ള അവശ്യസർവീസ് വിഭാഗത്തിൽ പെട്ടവർക്ക് പാസിന്റെ ആവശ്യമില്ല. തിരിച്ചറിയൽ കാർഡില്ലാത്ത വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ തുടങ്ങി യാത്രചെയ്യേണ്ടിവരുന്നവർക്കാണ് പാസിന്റെ ആവശ്യം. ഈ വിഭാഗക്കാർ നേരിട്ടോ അല്ലെങ്കിൽ തൊഴിൽദാതാക്കൾ മുഖേനയോ ആണ് പാസിന് അപേക്ഷിക്കേണ്ടത്. വീടിനടുത്ത കടയിൽ അവശ്യസാധനം വാങ്ങാൻ പോകുന്നവർക്ക് പോലീസ് പാസിന്റെ ആവശ്യമില്ല. ഇവർക്ക് സത്യവാങ്മൂലം മാത്രം മതിയാകും.