ഇരിട്ടി:തുടര്‍ച്ചയായി മൂന്നാം ദിവസവും ആറളം ഫാമില്‍ കാട്ടാന അക്രമം. ഫാം ഗോഡൗണിന്റെ വാതില്‍ തകര്‍ക്കുകയും കശുമാവ് നേഴ്സറിക്കും വര്‍ക്ക് ഷോപ്പിനും സംരക്ഷണം തീര്‍ത്തിരുന്ന കമ്പി വേലി നശിപ്പിക്കുകയും ചെയ്തു. കായ്ഫലമുള്ള 55 തെങ്ങ്, 2 കൂറ്റന്‍ പ്ലാവ്, 124 കൊക്കോ എന്നിവയും കുത്തിമറിച്ചു. 40 തേനീച്ചപ്പെട്ടികളും നശിപ്പിച്ചു. 16 ആനകള്‍ ഫാമിലുണ്ടെന്നാണ് താമസക്കാര്‍ പറയുന്നത്.
ബ്ലോക്ക് 3, 8 എന്നിവിടങ്ങളിലായി തമ്പടിച്ച ആനക്കൂട്ടം ബ്ലോക്ക് 3 ല്‍ വിളവ് ശേഖരണത്തിനു കരാറു നല്‍കിയിരുന്ന
കായ്ഫലമുണ്ടായിരുന്ന കൊക്കോമരങ്ങൾ പിഴുതിട്ടു. ബ്ലോക്ക് 8 ലുള്ള ഗോഡൗണിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയും ഇവിടെയുള്ള തെങ്ങുകളും പ്ലാവുകളും നശിപ്പിക്കുകയും ചെയ്തു. കശുമാവ് നഴ്സറി, വര്‍ക്ക് ഷോപ്പ് എന്നിവയുടെ ചുറ്റും 6 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചതാണ് കമ്പിവേലി.
വര്‍ക്ക് ഷോപ്പില്‍ നിലവിലുള്ള 2 ബസ്, 2 ലോറി, 4 ജീപ്പ് എന്നിവയ്ക്കു പുറമേ അര കോടി രൂപയുടെ പുതിയ കാര്‍ഷിക യന്ത്രങ്ങള്‍ കൂടി എത്തിച്ചിട്ടുണ്ട്. ഇവ ആനക്കൂട്ടം തകര്‍ക്കാതിരിക്കാന്‍ സ്ഥാപിച്ച വേലിയാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജിവനക്കാരും തൊഴിലാളികളും ജോലി ചെയ്യുന്നതിനിടയില്‍ കാട്ടാനക്കൂട്ടം കൂടി ആക്രമണകാരികളായി ഇറങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2 മാസം മുന്‍പ് വനപാലകര്‍ ആനക്കൂട്ടത്തെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതിനെ തുടര്‍ന്ന് കുറച്ചു കാലത്തേക്ക് ആശ്വാസം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആനകള്‍ എല്ലാം തന്നെ ഫാമില്‍ എത്തിയതായി ജീവനക്കാര്‍ പറഞ്ഞു. രാത്രിയും പകലും ഇല്ലാതെ ആക്രമണം തുടരുന്നതിനാല്‍ ജീവനക്കാരും തൊഴിലാളികളും പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഭീതിയിലാണ്.