തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പിടിവിട്ടുയരുന്ന സാഹചര്യത്തിൽ റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകൾ ലഭ്യമാക്കാനും കേരളം നടപടി തുടങ്ങി. ആശുപത്രികളിലെ ചികിത്സ സൗകര്യങ്ങൾ നിറയുന്ന പശ്ചാത്തലത്തിലാണ് ബദൽ ക്രമീകരണങ്ങൾക്ക് ശ്രമിക്കുന്നത്.
റെയിൽവേക്ക് കീഴിൽ 4400 െഎസൊലേഷൻ കോച്ചുകളിലായി 70,000 കിടക്കകളാണ് സജ്ജം. ഏതുസമയത്ത് സംസ്ഥാനം ആവശ്യപ്പെട്ടാലും കോച്ചുകൾ എത്തിക്കാൻ സന്നദ്ധമാണെന്നാണ് റെയിൽവേ നിലപാട്. തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ആർ. മുകുന്ദിനെ കേരളത്തിലെ നോഡൽ ഓഫീസറായി റെയിൽവേ നിയോഗിച്ചിട്ടുമുണ്ട്. ഏതൊക്കെ സേവനങ്ങളും സൗകര്യങ്ങളും ആരൊക്കെ ലഭ്യമാക്കണമെന്നതിൽ റെയിൽവേയും സംസ്ഥാന സർക്കാറും തമ്മിലുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് കോച്ചുകൾ അനുവദിക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, നാഗാലാൻറ്, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലായി 232 കോച്ചുകൾ റെയിൽവേ വിന്യസിച്ചിട്ടുണ്ട്.
റെയിൽവേയുമായുള്ള ആശയവിനിമയത്തിനും കോച്ചുകൾ ലഭ്യമാക്കുന്നതിനും െഎ.എ.എസ് ഉദ്യോഗസ്ഥനായ വി. രതീഷനെ നോഡൽ ഒാഫിസറായി സംസ്ഥാന സർക്കാർ നിയമിച്ചു. സി.എഫ്.എൽ.ടി.സി മാതൃകയിൽ രോഗബാധിതരെ പരിചരിക്കുന്ന കേന്ദ്രങ്ങളായി റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകൾ വിന്യസിക്കാനാണ് ആലോചന.
സ്ലീപ്പർ, ജനറൽ കോച്ചുകളാണ് പ്രധാനമായും െഎസൊലേഷൻ വാർഡുകളാക്കിയത്. ഒരു കോച്ചിലെ ഒമ്പത് കാബിനുകളിൽ എട്ടിൽ രണ്ടു രോഗികളെ വീതം പാർപ്പിക്കാനാകും. ഒന്ന് ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർക്കാണ്. എല്ലാ കോച്ചിലും രണ്ട് ഒാക്സിജൻ സിലിണ്ടറും അഗ്നിശമന ഉപകരണങ്ങളുമുണ്ട്. ഒാരോ കോച്ചിലെയും രണ്ടു ശുചിമുറികളിൽ ഒന്ന് ഷവർ അടക്കം കുളിമുറിയായാണ് സജ്ജീകരിച്ചിരിക്കുന്നത്.
previous post