എൽഡിഎഫ് തരംഗം ആഞ്ഞുവീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ 5.87 ശതമാനം അധികവോട്ടുകൾ. ഇരുമുന്നണികളും തമ്മിൽ 12,23,764 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. ബിജെപി ഉൾപ്പെടുന്ന എൻഡിഎയുടെ വോട്ടുകളിൽ കാര്യമായ ഇടിവുണ്ടായി.
എൽഡിഎഫിന് 45.28 ശതമാനം വോട്ടു ലഭിച്ചപ്പോൾ യുഡിഎഫിന് 39.41 ശതമാനം വോട്ടാണു ലഭിച്ചത്. എൻഡിഎയുടെ വോട്ടുവിഹിതം 12.51 ശതമാനം. ഇത്തവണ ആകെ 2,08,33,801 വോട്ടുകളാണു പോൾ ചെയ്തത്. ഇതിൽ 94,34,113 വോട്ടുകൾ എൽഡിഎഫിനു ലഭിച്ചു. യുഡിഎഫിനു കിട്ടിയത് 82,10,349 വോട്ടുകൾ. എൻഡിഎയ്ക്ക് 26,06,948 വോട്ടുകൾ ലഭിച്ചു.
ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വിഹിതത്തിൽ 5.87 ശതമാനത്തിന്റെ വ്യത്യാസമുണ്ടായപ്പോൾ സീറ്റുകളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വ്യത്യാസം വന്നു. 41 സീറ്റ് ലഭിച്ച യുഡിഎഫിനേക്കാൾ 58 സീറ്റുകൾ എൽഡിഎഫിന് അധികമായി ലഭിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റ് നേടി അധികാരം പിടിച്ച എൽഡിഎഫിന് 43.48 ശതമാനം വോട്ടാണു ലഭിച്ചത്. ഇത്തവണ അവർ വോട്ടുവിഹിതം 45.28 ശതമാനമായി ഉയർത്തി. 2.07 ശതമാനത്തിന്റെ വർധന. യുഡിഎഫിന്റെ വോട്ടുവിഹിതത്തിലും നേരിയ വർധനയുണ്ട്. 2016 ൽ 38.81 ശതമാനം വോട്ടു ലഭിച്ച സ്ഥാനത്ത് ഇത്തവണ 39.41 ശതമാനമായി; 0.60 ശതമാനത്തിന്റെ വർധന.
എന്നാൽ എൻഡിഎയുടെ വോട്ടുവിഹിതം കാര്യമായി ഇടിഞ്ഞു. 2016 ലെ 15.10 ശതമാനം വോട്ട് ഇത്തവണ 12.51 ശതമാനമായി ഇടിഞ്ഞു. 2.59 ശതമാനത്തിന്റെ കുറവ്. ഇരുമുന്നണികളുടെയും കൂടി വോട്ടുവിഹിതത്തിലുണ്ടായ വർധന ഇത്രയും തന്നെ. 2014 മുതൽ ക്രമമായി വോട്ടു വർധിപ്പിച്ചു വരുന്ന ബിജെപിക്ക് വോട്ടിലുണ്ടായ ഇടിവ് വൻ തിരിച്ചടിയാണ്.
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻതിരിച്ചടി മറികടന്നാണ് എൽഡിഎഫ് അധികാരത്തുടർച്ച നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് 35.19 ശതമാനമായാണു ചുരുങ്ങിയത്. യുഡിഎഫിന്റേതാകട്ടെ 47.35 ശതമാനത്തിലേക്കു കുതിച്ചുയർന്നു. രണ്ടു വർഷത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പു നടന്നപ്പോൾ യുഡിഎഫിന് വോട്ട് നഷ്ടം 7.94 ശതമാനമാണ്.
എൽഡിഎഫ് ആകട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 10.09 ശതമാനം അധികവോട്ടു നേടി. ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താലും ബിജെപിക്കു വോട്ടുനഷ്ടം.