കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി. പിണറായി വിജയൻ ജനങ്ങളുടെ മനസിൽ ഒരിക്കൽക്കൂടി ക്യാപ്റ്റൻ സ്ഥാനം ഉറപ്പിച്ചു. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകൾ പ്രകാരം 91 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് ആകെ ഇടതു തരംഗമാണ് അലയടിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകടമായില്ലെന്നും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ജനം നെഞ്ചിലേറ്റിയതായുമായാണ് വോട്ടെണ്ണൽ പകുതിയാകുമ്പോൾ വ്യക്തമാകുന്നത്. നിലവിൽ യുഡിഎഫിന് 45 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്തി എൻഡിഎയും സജീവമായി. നേമം, പാലക്കാട്, തൃശൂർ മണ്ഡങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ബിജെപിയുടെ മിന്നും താരങ്ങളായി കൊണ്ടുവന്ന ഇ. ശ്രീധരൻ, സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ എന്നിവരാണ് അവരുടെ മുഖം രക്ഷിച്ചത്.
സംസ്ഥാനത്തെ പത്തോളം ജില്ലകളിൽ എൽഡിഎഫ് തേരോട്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നിട്ട് നിന്നു. കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പിന്നിൽ പോയി. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രമാണ് ലീഡ് നേടാനായത്.
കോട്ടയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അഞ്ചു സീറ്റിൽ എൽഡിഎഫും നാലു സീറ്റിൽ യുഡിഎഫുമാണ് മുന്നേറുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നിലയിൽ ഞെട്ടിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പാലായിൽ ജോസ് കെ. മാണിയെ തറപറ്റിച്ച് മാണി സി. കാപ്പൻ വൻ മുന്നേറ്റം നടത്തിയതും കേരളാ കോൺഗ്രസ് എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.