കണ്ണൂർ:നാട്ടുമാങ്ങയുടെ രുചിവൈവിധ്യത്തോടൊപ്പം ഔഷധമൂല്യവും കണ്ടെത്താൻ രാസഘടനാ പരിശോധന നടത്തുന്നു. കണ്ണപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന “നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ സഹകരണത്തോടെ പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രമാണ് മലബാറിലെ നാട്ടുമാവുകളെ കുറിച്ച് പഠനം നടത്തുന്നത്.
നാട്ടുമാവിനങ്ങളെ കണ്ടെത്തൽ, കണ്ടെത്തിയ ഇനങ്ങളുടെ സംരക്ഷണം, വിത്ത് തൈകളിലൂടെയും ഗ്രാഫ്റ്റ് തൈകളിലൂടെയും അതിന്റെ വ്യാപനം, പ്രത്യേക സവിശേഷതയുള്ള ഇനങ്ങളുടെ രാസഘടനാ പരിശോധന എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ പ്രവർത്തിക്കുന്നത്. കൂട്ടായ്‌മ പ്രവർത്തകൻ ഷൈജു മാച്ചാത്തി കണ്ണപുരത്തും സമീപ പഞ്ചായത്തുകളിൽനിന്നും കണ്ടെത്തിയ 22 കടുക്കാച്ചി ഇനത്തിൽപ്പെട്ട നാടൻ മാവുകളുടെ രാസഘടനാ പരിശോധനയും നടക്കുന്നുണ്ട്.
എല്ലാ ഹൈബ്രിഡ് ഇനങ്ങളും പുറത്തിറങ്ങുന്നതിനുമുമ്പ് മാങ്ങകളുടെ രാസഘടനാ പരിശോധന നടത്താറുണ്ട്. ഇത്തരം പരിശോധനയിലാണ് മല്ലിക മാങ്ങയിൽ ബീറ്റ കരോട്ടിൻ ധാരാളമുണ്ടെന്ന് കണ്ടെത്തിയത്. കണ്ണപുരം ഇടക്കേപ്പുറത്ത് വ്യാപകമായി കാണുന്ന മരുന്നുമാങ്ങ ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.
തയ്യിൽ ചോപ്പൻ, നാനാടി മധുരം, ചെമ്പൻ മധുരം, മുട്ടി ചോപ്പൻ, നെടിയങ്ങ കൊക്കൻ, കോയക്ക മാങ്ങ, മഞ്ഞ പഞ്ചാര, കണ്ണപുരം റെഡ്, കണ്ണപുരം മാങ്ങ തുടങ്ങിയ പഴമാങ്ങകളുടെയും ചേരു പുളിയൻ, ഉണ്ണിപ്പുളിയൻ, ഉണ്ട മാങ്ങ, വലിയ പുളിമധുരം തുടങ്ങിയ അച്ചാർ മാങ്ങകളുടേതുമടക്കം 25 ഇനം മാങ്ങകളുടെ സാമ്പിളുകൾ കഴിഞ്ഞ ദിവസം ശേഖരിച്ചു.
പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രം ഹോർട്ടി കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ടി ടി തനൂജ, ഷൈജു മാച്ചാത്തി, കണ്ണപുരം കൃഷി ഓഫീസർ എ എൻ അനഷ എന്നിവരടങ്ങുന്ന ടീമാണ് കണ്ണപുരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചത്.
previous post