കേരളം ആരു ഭരിക്കുമെന്നു നാളെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ 8.30 ന് തുറക്കും. ഓരോ അഞ്ചു മിനിറ്റിലും ഫലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്മീഷൻ അറിയിച്ചു.
തപാൽവോട്ടുകൾ എട്ടിന് എണ്ണിത്തുടങ്ങുമെങ്കിലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ ഉള്ള സാഹചര്യത്തിൽ എണ്ണിത്തീരാൻ വൈകും. തന്മൂലം ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരമായേക്കും.
തപാൽവോട്ടുകൾ എണ്ണുന്പോൾ, ക്രമക്കേട് ആരോപിച്ചാൽ റീ കൗണ്ടിംഗ് വേണ്ടി വരും. അങ്ങനെയെങ്കിൽ ആ മണ്ഡലത്തിലെ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയിലേക്കു നീളും. ഒരു തപാൽ വോട്ട് എണ്ണാൻ 40 സെക്കൻഡ് വേണമെന്നാണു കണക്കാക്കിയിട്ടുള്ളത്. ശരാശരി 4,000- 5,000 തപാൽ വോട്ടുകൾ ഓരോ മണ്ഡലത്തിലുമുണ്ടെന്നാണ് കണക്കാക്കുന്നത്. നാലു ടേബിളുകളാണ് തപാൽ വോട്ട് എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്.
ഫലമറിയാൻ
കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.go v.in ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. കമ്മീഷന്റെ “വോട്ടർ ഹെൽപ്ലൈൻ ആപ്പി’ ലൂടെയും ഫലം അറിയാം.