തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹോമിയോ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ചികിത്സ പ്രോട്ടോക്കോൾ പുതുക്കണമെന്ന് ആവശ്യവുമായി ഹോമിയോ ഡോക്ടർമാരുടെ സംഘടന. ക്വാറന്‍റൈനിൽ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും ചികിത്സിക്കാൻ സർക്കാർ അനുവദിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കൊവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുമ്പോൾ,സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സന്നദ്ധരായ ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നതായാണ് ഇവരുടെ പരാതി.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നത് നീതിനിഷേധമാണെന്നും ഹോമിയോ ഡോക്ടർമാരുടെ സംഘടന.
2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കൊവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.എന്നാൽ സംസ്ഥാന സർക്കാർ ഇത് നടപ്പാക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
എല്ലാ പഞ്ചായത്തുകളിലും,മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികളുണ്ട്.സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരും. എന്നാൽ ക്വാറന്‍റൈനിൽ ഇരിക്കുന്നവരെ പോലും ചികിത്സിക്കാൻ ഇവർക്ക് അനുമതിയില്ല.