ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്പപ്പോൾ അറിയാനുള്ള ട്രെൻഡ് കേരള വെബ്സൈറ്റ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉപേക്ഷിച്ചു. അടുത്ത ഞായറാഴ്ച കേരളത്തിന്റെ വിധി നിർണയിക്കുന്ന വോട്ടെണ്ണൽ നടക്കുന്പോൾ ട്രെൻഡിന് പകരം എൻകോർ (encore) എന്ന വെബ്സൈറ്റിലാകും ഫലം തത്സമയം ലഭ്യമാക്കുക.
വോട്ടെണ്ണൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള എൻകോർ വഴി തെരഞ്ഞെടുപ്പു ഫലം തത്സമയം ലഭ്യമാക്കാൻ കഴിയുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണലിനായി എൻകോർ കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. എൻകോറിന്റെ പ്രായോഗികത പരിശോധിച്ചു വരികയാണ്. വിജയിച്ചില്ലെങ്കിൽ പുതിയ സോഫ്റ്റ് വെയറിലേക്കു മാറുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു. ഫലം വിരൽത്തുന്പിൽ ലഭിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കുന്നതും പരിഗണിക്കുന്നുണ്ട്.
മുൻ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പു ഫലം അറിയാൻ ഉപയോഗിച്ചിരുന്ന ട്രെൻഡ് കേരള വെബ്സൈറ്റ് ഇടയ്ക്കു മുറിയുകയും ചിലപ്പോൾ നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ വേഗത്തിൽ ഫലം ലഭ്യമാകുന്ന സംവിധാനം വേണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചത്. കഴിഞ്ഞ വർഷം നടന്ന ബിഹാർ തെരഞ്ഞെടുപ്പു ഫലമറിയാനും ഇലക്ഷൻ കമ്മീഷൻ റിസൾട്ട് എന്നതിന്റെ ചുരുക്കത്തിലുള്ള എൻകോറായിരുന്നു ഉപയോഗിച്ചിരുന്നത്.
വോട്ടെണ്ണൽ വേഗത്തിലാക്കാൻ ടേബിളുകളുടെ എണ്ണത്തിൽ വർധന വരുത്തിയിട്ടുണ്ട്. ഒരു മണ്ഡലത്തിലെ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിലെ വോട്ട് ഒരു ഹാളിലെ 14 ടേബിളുകളിലാണ് എണ്ണിയിരുന്നതെങ്കിൽ ഇക്കുറിയത് മൂന്നോ നാലോ ഹാളുകളിലായി ഉയർത്തി. ടേബിളുകളുടെ എണ്ണം 21 മുതൽ 28 വരെയായി ഉയരും. ഒരേ സമയം ഇത്രയും ബൂത്തുകൾ എണ്ണിത്തീർക്കാനാകും.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളിൽ എണ്ണിയിരുന്ന 14 ടേബിളുകൾ ഏഴാക്കി കുറയ്ക്കുകയായിരുന്നു. പകരമാണ് ഹാൾ എണ്ണം ഉയർത്തിയത്. ഇതുവഴി വേഗത്തിൽ ഫലം ലഭ്യമാക്കാനാകുമെന്നാണു കരുതുന്നത്. എന്നാൽ, തപാൽ വോട്ടുകൾ ഇക്കുറി എണ്ണിത്തീരാൻ സമയം ഏറെയെടുക്കുമെന്നതിനാൽ, ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുമെന്നാണ് അധികൃതർ പറയുന്നത്. 80 വയസിനു മുകളിലുള്ളവരുടെ തപാൽ വോട്ടുകൾകൂടി പരിഗണിച്ചാൽ മുൻ കാലങ്ങളിൽ നിന്നു നാലിരട്ടിവരെ തപാൽ വോട്ടിൽ വർധനയുണ്ടായിട്ടുണ്ടെന്നാണു പറയുന്നത്.