കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണം.
വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരേ കർശന നടപടി സ്വീകരിക്കും. രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും ആർടിപിസി ആർ ടെസ്റ്റിന് വിധേയമാക്കണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചാൽ രോഗിയെ നിർബന്ധമായും സമീപത്തെ സിഎഫ്എൽടിസിയിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം.
മറ്റു നിർദേശങ്ങൾ:
-പഞ്ചായത്ത് പരിധിയിൽ ആളകലം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിനായി സെക്ടറൽ മജിസ്ട്രേറ്റുമാർ, പോലീസ്, ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർ എന്നിവരുടെ സഹായത്തോടെ ബോധവത്കരണം നടത്തണം. – അതിഥി തൊഴിലാളികളെ ടെസ്റ്റിന് വിധേയരാക്കണം. ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിച്ചാൽ അവിടം ക്ളസ്റ്ററുകളായി തിരിക്കണം.
-വയോജനങ്ങൾ, സാന്ത്വന ചികിത്സയിലുള്ളവർ, ജീവിതശൈലീ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, കെയർ ഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തണം.
– രോഗവ്യാപനം തടയുന്നതിന് കണ്ടെയിൻമെന്റ്, മൈക്രോ കണ്ടെയിൻമെന്റ് നടപടികൾ സ്വീകരിക്കണം. പിഎച്ച്സി, സിഎച്ച്സികളിൽ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കോവിഡ് ജാഗ്രതാ പോർട്ടലിൽ പഞ്ചായത്തുകൾ അപ്ലോഡ് ചെയ്യണം.
-ക്വാറന്റൈൻ കേന്ദ്രങ്ങൾ, സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിഡിസികൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കണം. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.