രാത്രി യാത്രകളിൽ വാഹനങ്ങളിലെ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ സന്ദേശം. മുമ്പ് പലതവണകളിൽ ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നടത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹെഡ് ലൈറ്റിന്റെ ഉപയോഗത്തിൽ പാലിക്കേണ്ട മര്യാദകൾ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടാകുന്നത് വൈകുന്നേരം ആറ് മുതൽ എട്ട് വരെയുള്ള സമയത്താണ്. ഇത് ലൈറ്റിന്റെ തെറ്റായ ഉപയോഗത്തെ തുടർന്നാണെന്നും എം.വി.ഡി. പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഹകരണവും, സഹവർത്തിത്വമില്ലായ്മയും മരണത്തിലേക്കെത്തുന്ന വേറെ ഏത് ഇടമുണ്ട് നിരത്തുകളല്ലാതെ … ?ഞാൻ സുരക്ഷിതനാവണമെങ്കിൽ എന്റെ വാഹനത്തിന്റെ ബ്രേക്ക് പ്രവർത്തിച്ചാൽ മാത്രം പോരാ എന്റെ പുറകിൽ നിന്ന് വരുന്ന വാഹനത്തിന്റെ ബ്രേക്കും പ്രവർത്തിക്കണം എന്ന സാമാന്യ തത്വം പലപ്പോഴും നാം മറന്നു പോകുന്നു …
പരസ്പരമുള്ള സഹകരണവും കരുതലും, സ്വന്തം സുരക്ഷക്ക് കൂടി വേണ്ടിയാണെന്ന്… ഞാൻ കണ്ടാൽ പോരാ എന്നെക്കൂടി കാണണമെന്ന്… ഞാൻ നിർത്തിയാൽ പോരാ പുറകിലുള്ളവനും നിർത്തണമെന്ന്…
കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് വൈകീട്ട് 6 മണി മുതൽ 8 മണിവരെയുള്ള സമയത്താണെന്ന് കണക്കുകൾ കാണിക്കുന്നു ഇതിലെ ഒരു പ്രധാന കാരണം കാഴ്ചയിലുണ്ടാകുന്ന വ്യത്യാസം മൂലമാണ്..നമുക്ക് എല്ലാം കാണാം എന്നതാണ് ഹൈബീം ഇടുമ്പോൾ നാം കരുതുന്നത്, എന്നാൽ എതിരെ വരുന്നവന്റെ കാഴ്ച നഷ്ടം നമുക്ക് ഒരു അപകടസാധ്യതയാണ്, എല്ലാവരും നന്നായി റോഡ് കാണുമ്പോഴാണ് അപകടം ഒഴിവാകുന്നത്. എല്ലാ വാഹനത്തിലും നിശ്ചിത സ്റ്റാൻഡേർഡ് ഉള്ള ലൈറ്റ് മാത്രം ഘടിപ്പിക്കുന്നത് അതുകൊണ്ടാണ് …..
അത് മാറ്റി തീവ്രമായ ലൈറ്റ് ഘടിപ്പിക്കുന്നതും,ഡിം ചെയ്യാത്തതും സ്വന്തം മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.