കൊച്ചി: വോട്ടെണ്ണൽ ദിനമായ േമയ് രണ്ടിന് ആൾക്കൂട്ടവും ആഹ്ലാദപ്രകടനവും ഒഴിവാക്കാൻ നിരോധനാജ്ഞയും ലോക്ഡൗണുമടക്കം പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. േമയ് ഒന്നിന് രാത്രി മുതൽ വോട്ട് എണ്ണുന്ന േമയ് രണ്ടിന് രാത്രിവരെ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വിൽസൺ, േമയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിെൻറ അകത്തും പരിസരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയല്ലാതെ അനുവദിക്കരുതെന്നും കൂട്ടംകൂടിയുള്ള വിജയാഹ്ലാദ പ്രകടനവും മറ്റും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ശാസ്ത്രിനഗർ സ്വദേശി എ.കെ. ശ്രീകുമാർ, വോട്ടെണ്ണൽ ദിവസം രാവിലെ ആറുമുതൽ 48 മണിക്കൂർ നാലുപേരിലധികം വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടംകൂടി നിൽക്കുന്നത് പകർച്ചവ്യാധി ഓർഡിനൻസിലെ വകുപ്പുകൾ പ്രകാരം നിരോധിക്കുകയും ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധനായ കൊല്ലം മരുത്തടി സ്വദേശി ഡോ. എസ്. ഗണപതി എന്നിവർ നൽകിയ മൂന്ന് ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് മൂന്ന് ഹരജിയിലും പറയുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് കേരളത്തിൽ പ്രതിദിനം 2798 കേസാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പോസിറ്റിവ് നിരക്ക് 5.15 ശതമാനമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തിലും പോസിറ്റിവ് നിരക്കിലും മൂന്നിരട്ടി വർധനയാണുണ്ടായത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് തടയണം, വോട്ടെണ്ണലിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്.