ഇരിട്ടി : ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ പുന്നാട് പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കെ എസ് ടി പി റോഡും ഡ്രൈനേജും ഇതോടൊപ്പം പണിത കൈവരികളും തകർന്നു. പുന്നാട് നഗരസഭക്ക് മുൻപിലായി തലശേരി- വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പണിത റോഡും ഓവുചാലും അനുബന്ധ പ്രവർത്തികളുമാണ് കനത്ത മഴയിൽ തകർന്നത്.
ഒരു മണിക്കൂറിലേറെ നേരം പെയ്ത കനത്ത വേനൽ മഴയിൽ കുത്തിയൊലിച്ചു വന്ന മഴവെള്ളം താങ്ങാനാവാതെ സ്ലാബുകളടക്കം മീറ്ററുകളോളം ഭൂമിക്കടിയിലേക്ക് തകർന്ന് താഴ്ന്ന് പോവുകയായിരുന്നു . ഇതിനോടൊപ്പം ചേർന്ന റോഡും വീണ്ടു കീറി അപകട ഭീഷണിയിലായി.
കെ എസ് ടി പി അധികൃതരുടെയും കരാറുകാരുടെയും ഓവുചാൽ നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. ചെറിയ മഴയത്ത് പോലും മഴവെള്ളം കുത്തിയൊലിച്ചു വരുന്ന പ്രദേശത്ത് വലിയ തോതിലുള്ള മഴവെള്ളം ഒഴുകിപോകാൻ പാകത്തിലുള്ള സുരക്ഷിതവും ബലമേറിയതുമായ ഡ്രൈനേജ് നിർമ്മിക്കുന്നതിനു പകരം റെഡിമേയ്ഡ് കോൺക്രീറ്റ് ഡ്രൈനേജും സ്ലാബും സ്ഥാപിച്ചതാണ് ഇത് തകരാൻ ഇടയാക്കിയത് എന്നാണ് ആരോപണം. ഇനിയും ശക്തമായ മഴയുണ്ടായാൽ അവശേഷിക്കുന്ന ഓവുചാൽ തകരുകയും ഇതു വഴിയുള്ള വാഹന ഗതാഗതം പോലും അപകടാവസ്ഥയിലാവുകയും ചെയ്യും.