കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ തിങ്കളാഴ്ച മുതല്‍ കേരളവും കോവിഡ് പരിശോധന തുടങ്ങും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ തിങ്കളാഴ്ച മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സർക്കാർ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. പ്രവേശനത്തിന് 48 മണിക്കൂറിനുള്ളിലോ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇതിനു പിന്നാലെയാണ് വാളയാര്‍ അതിർത്തിയിൽ തിങ്കളാഴ്ച മുതല്‍ പരിശോധന തുടങ്ങാന്‍ തീരുമാനിച്ചത്.
കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർക്ക് ഫലം വരുന്നത് വരെ ക്വാറന്റൈനിൽ നിർബന്ധമാണ്. കോവിഡ് വാക്സിന് എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന കാലയളവില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ക്വാറന്റൈനിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു.