കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമായതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് വ്യവസായമേഖല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ബസ്സുകളിൽ നിന്ന് യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്. എന്നാൽ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള ഭീതിയെ തുടർന്ന് യാത്രക്കാരുടെ എണ്ണവും പെട്ടെന്ന് കുറഞ്ഞതോടെ ബസ് വ്യവസായ മേഖല വൻ പ്രതിസന്ധിയിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്ന ഇന്ധനവിലയും ബസ്സോട്ടത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണക്കുകൾ പ്രകാരം ജില്ലയിൽ 35 ശതമാനത്തിലധികം ബസ്സുകൾ സാമ്പത്തിക പ്രയാസം കാരണം ഓട്ടം നിർത്തിയിരിക്കുകയാണ്. സീറ്റിൽ ഇരുത്തി ഉള്ള യാത്ര മാത്രമേ അനുവദിക്കൂ എന്ന അധികൃതരുടെ നിർദ്ദേശം നടപ്പാക്കി തുടങ്ങിയാൽ ഈ മാസം തന്നെ ബസുകൾ നിരത്തിലിറക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടാവുകയെന്നും സംഘടന പറയുന്നു.
ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:
1. ബസ്സുകൾ നിരത്തിലിറക്കാൻ രണ്ട് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കണം
2. വിദ്യാർഥികളുടെ അടക്കമുള്ള ബസ് ചാർജ് വർധിപ്പിക്കണം
3. ഇൻഷുറൻസ് പ്രീമിയം പകുതിയായി കുറയ്ക്കണം
4. മോട്ടോർ വ്യവസായ നികുതി ഒഴിവാക്കണം
5. ഡീസൽ സബ്സിഡി അനുവദിക്കണം.